ആദ്യചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. അതുതന്നെ മലയാളത്തിലെ എക്കാലത്തയും മികച്ച നടിക്കൊപ്പം. ഒട്ടും വിശ്വസിക്കാനാകുന്നില്ല ബിന ആര്‍ ചന്ദ്രനെന്ന യുപി സ്കൂള്‍ അധ്യാപികയ്ക്ക് . ഫാസില്‍ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീതയെന്ന അംഗനവാടി അധ്യാപികയെ അവതരിപ്പിച്ചാണ് ബീന മികച്ച നടിയായത്. അതും ഉര്‍വശിക്കൊപ്പം.
പട്ടാമ്പി പരുതൂര്‍ സി.ഇ.യു.പി. സ്‌കൂളിലെ അധ്യാപികയും നാടക പ്രവര്‍ത്തകയുമാണ് ബീന. പുരസ്കാരം ലഭിച്ചെന്ന വാര്‍ത്ത വിശ്വസിക്കാനായില്ലെന്നും പറഞ്ഞറിയാക്കാനാവാത്ത സന്തോഷമുണ്ടെന്നും ബീന ആര്‍ ചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിനിടെയാണ് പുരസ്കാര വാര്‍ത്തയറിഞ്ഞത്.താന്‍ ഏറെ ആരാധിക്കുന്ന നടി ഉര്‍വശിക്കൊപ്പം പുരസ്കാരം പങ്കിടാന്‍ സാധിച്ചതില്‍ ഇരട്ടി സന്തോഷമെന്നും ബീന പറഞ്ഞു. പുരസ്കാരം ലഭിക്കണമെന്ന് മോഹിച്ചിരുന്നു. എന്നാല്‍ മോഹിക്കാന്‍പോലും തനിക്ക് അര്‍ഹതയുണ്ടോ എന്ന സംശയമായിരുന്നു മനസു നിറയെ. പ്രതീക്ഷകളൊന്നുമില്ലാതെ വെറുതെ മോഹിക്കുക എന്നൊക്കെ പറയില്ലേ?.അങ്ങനെയൊരു മോഹമായിരുന്നു എനിക്ക് സംസ്ഥാന പുരസ്കാരം.ഗീത പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രതികരണമായിരുന്നു ‘തടവി’ന് ലഭിച്ചത്.അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച നവാഗത സംവിധായകനായുള്ള പുരസ്കാരം തടവിന്‍റെ സംവിധായകന്‍ ഫാസിൽ റസാഖിനെ തേടിയെത്തിയിരുന്നു. ഓഡിയൻസ് പോളിലൂടെ പ്രേക്ഷകർ തിരഞ്ഞെടുത്ത ചിത്രവും തടവ് ആയിരുന്നു.
രണ്ടുതവണ വിവാഹമോചിതയായ,അംഗനവാടി ടീച്ചറായ ഗീത, ഗീതയുടെ അയൽക്കാരിയും സ്കൂൾ അധ്യാപികയുമായ ഉമ,ഇവരുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരൻ ഹംസ എന്നിവരാണ് തടവിലെ പ്രധാന കഥാപാത്രങ്ങള്‍. മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു കുറ്റ കൃത്യം ചെയ്യാന്‍ തീരുമാനിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തടവിന്‍റെ ഇതിവൃത്തം.