nagachaithanya-shobitha

തെലുങ്ക് നടി ശോഭിത ധൂലിപാലയും നടന്‍ നാഗചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചയ വാര്‍ത്തക്ക് പിന്നാലെ ഇരുവരുടെയും ബന്ധം അധികകാലം നിലനില്‍ക്കില്ലെന്ന പ്രവചനവുമായി വേണുസ്വാമി എത്തിയിരുന്നു. ഇപ്പോഴിതാ വിവാദ പ്രസ്താവനക്ക് പിന്നാലെ സ്വാമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. തെലുങ്ക് ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈജെ രാംബാബുവാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താരങ്ങളെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രസ്താവനകള്‍ എന്നും നടപടിവേണമെന്നുമാണ് ആവശ്യം. 

സാമന്തയുമായുള്ള ബന്ധം പോലെ തന്നെ ശോഭിതയുമായുള്ള നാഗചൈതന്യയുടെ ബന്ധവും നീണ്ടുനില്‍ക്കില്ലെന്നാണ് തെന്നിന്ത്യയില്‍ പ്രശസ്തനായ വേണുസ്വാമി പറഞ്ഞത്. ഇരുവരുടേയും പേരും നാളും ജാതകവും ഒത്തുനോക്കിയ ശേഷമാണ് സ്വാമി പ്രവചനം നടത്തിയത്. ജാതകം ചേരില്ല എന്നതു മാത്രമല്ല, വിവാഹനിശ്ചയ സമയവും നല്ലതല്ലെന്നാണ് സ്വാമി പറയുന്നത്. സാമന്ത–ചൈതന്യ ജോഡിക്ക് നൂറില്‍ അന്‍പത് മാര്‍ക്ക് നല്‍കാമെങ്കില്‍ ശോഭിത–ചൈതന്യ ജോഡിക്ക് പത്ത് മാര്‍ക്കേ നല്‍കാനാവൂയെന്നും ജ്യോത്സ്യന്‍റെ വിലയിരുത്തല്‍.

അന്‍പത് മാര്‍ക്ക് നേടിയ സാമന്ത–നാഗചൈതന്യ ബന്ധത്തില്‍ എന്തു സംഭവിച്ചെന്ന് എല്ലാവരും കണ്ടതാണല്ലോ എന്നും സ്വാമി പറഞ്ഞിരുന്നു. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹവും വിവാഹമോചനവും നേരത്തേ പ്രവചിച്ച ആളാണ് സ്വാമി വേണു. 2017ല്‍ വിവാഹിതരായ താരങ്ങള്‍ 2021ലാണ് വിവാഹമോചിതരായത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ മാസം എട്ടാം തിയതി ആയിരുന്നു നടി ശോഭിത ധൂലിപാലയുമായി നാഗചൈതന്യയുടെ വിവാഹനിശ്ചയം നടന്നത്.

ENGLISH SUMMARY:

Case against Swamy after prediction that Naga Chaitanya-Sobhita relationship will not last