dhanush-donation

Image Credit: Facebook

ഉരുള്‍ കവര്‍ന്ന വയനാടിന് കൈത്താങ്ങുമായി നടന്‍ ധനുഷ്. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി താരം 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വയനാട്ടിലെ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ താരം നേരത്തേ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ജൂലൈ 30നാണ് വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഭാഗത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായത്.  

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നാനൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട വയനാട് നിവാസികള്‍ക്കായി നാടൊട്ടുക്കും കൈകോര്‍ക്കുകയാണ്. സിനിമാ രാഷ്ട്രീയ വ്യാവസായിക മേഖലകളില്‍ നിന്നും നിരവധിയാളുകളാണ്  വയനാടിനായി സഹായഹസ്തം നീട്ടുന്നത്. ധനുഷിന് പുറമെ സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, കമൽ ഹാസൻ, പ്രഭാസ്, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. നയന്‍താരയും വിഘേനേശും ചേര്‍ന്ന് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി 20 ലക്ഷം രൂപയും, സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും രശ്‌മിക മന്ദാന പത്ത് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 

അതേസമയം വിക്രം 20 ലക്ഷം രൂപയും ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ ഒരു കോടി രൂപയും വയനാടിനായി നല്‍കി. കേരളത്തിന് സകല പിന്തുണയുമറിയിച്ച തമിഴ്നാട് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപയും നല്‍കിയിരുന്നു. 

ENGLISH SUMMARY:

Dhanush donates Rs 25 Lakh for Wayanad landslide victims