ഫാന്റം സിനിമയുടെ ചിത്രീകരണത്തിനിടയിൽ മമ്മൂട്ടിയുടെ നെഞ്ചിൽ ചവിട്ടുന്ന രംഗത്തിൽ അഭിനയിക്കാൻ നന്നേ ബുദ്ധിമുട്ടിയെന്ന് മനോജ് കെ. ജയന്റെ വെളിപ്പെടുത്തൽ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനോജ് കെ. ജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഒരാളുടെ നെഞ്ചിലേക്ക് ചവിട്ടുക.. സംഭവം ക്യാരക്ടറെന്നൊക്കെ പറഞ്ഞ് രക്ഷപെടാം. എനിക്കത് പറ്റിയില്ല. പക്ഷേ മമ്മൂക്ക പറഞ്ഞു, ധൈര്യമായി ചവിട്ടാൻ. ചവിട്ടിയേ പറ്റുള്ളൂ. ഞാൻ പറഞ്ഞു, ഞാൻ ചവിട്ടില്ല മമ്മൂക്ക.. മമ്മൂക്കയുടെ നെഞ്ചിൽ ചവിട്ടുന്നതെങ്ങനെ? മമ്മൂക്കയിങ്ങനെ മലർന്ന് കിടക്കുന്നു ബോധമില്ലാതെ, നമ്മള് കയറി ചവിട്ടിയിട്ട് ഡയലോഗ് പറയുക! എനിക്ക് പറ്റിയില്ല. അവസാനം മമ്മൂക്ക നിർബന്ധിച്ച് , ചവിട്ടിയാണ് ആ സീനെടുത്തത്.'
2002 ൽ ബിജു വർക്കിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഫാന്റം. പൈലിയെന്ന സ്റ്റണ്ട് മാനായി തകർപ്പൻ പ്രകടനമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ച വച്ചത്. വില്ലൻ സെബസ്റ്റ്യന്റെ വേഷത്തിലായിരുന്നു മനോജ് കെ. ജയൻ എത്തിയത്. ഇന്നസെന്റ്, നിഷാന്ത് സാഗർ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ.
നുണക്കുഴിയാണ് മനോജ് കെ ജയന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, സിദ്ധിഖ്, നിഖില വിമൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും.