കഥ തിരക്കഥ സംഭാഷണം സിദ്ദിഖ് ലാൽ.. സ്ക്രീനിൽ തെളിഞ്ഞ കറുപ്പിലെ വെളുത്ത അക്ഷരങ്ങൾ മലയാളിക്കൊരു മിനിമം ഗ്യാരണ്ടിയായിരുന്നു. വെളുക്കെ ചിരിച്ച് മനസു നിറഞ്ഞ് തിയറ്റർ വിട്ടിറങ്ങാമെന്നൊരു ഉറപ്പ്. സിദ്ദിഖ് ലാൽ കൂട്ടു കെട്ടിലിറങ്ങിയ ചിത്രങ്ങളൊക്കെയും അത്ര കെട്ടുറപ്പുള്ളതായിരുന്നു ,അവരുടെ കൂട്ടുപോലെ.. പക്ഷെ പിന്നീട് അവർ സിനിമകളിൽ പിരിഞ്ഞ് രണ്ടു കൈവഴികളായി. അപ്പഴും മനസുകൊണ്ട് ഒരു പുഴയായൊഴുകിയിരുന്നു. ഒരാണ്ടു മുൻപ് സിദ്ദിഖ് ജീവിതത്തിന്റെ തിരക്കഥ പൂർത്തിയാക്കി മടങ്ങി. പക്ഷെ അറ്റുപോകാത്ത ഓർമകളിലാണ് ലാൽ ഇപ്പോഴും. ലാൽ മനോരമന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു..
മിമിക്രിയും സിനിമയും കൊണ്ട് നമ്മളേയെറെ ചിരിപ്പിച്ചൊരാളാണ് സിദ്ദിഖ്, ജീവിതത്തിലോ?
ചിരിക്കാൻ ഒരുപാട് നിമിഷങ്ങൾ സിനിമയിലും ജീവിതത്തിലും നൽകിയിട്ടുണ്ടെങ്കിലും, സിദ്ദിഖിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരിക്കലും ഒരാൾക്ക് വേദനിക്കുന്ന തമാശകൾ സിദ്ദിഖ് പറയില്ല. എന്റെ സ്വഭാവം അങ്ങനെയല്ല, എനിക്കൊരു തമാശ തോന്നിക്കഴിഞ്ഞാൽ അതിനെപ്പറ്റി കൂടുതൽ ഞാൻ ചിന്തിക്കാറില്ല. അതപ്പോൾ തന്നെ പറയും. പക്ഷെ സിദ്ദിഖ് ഒരിക്കലും അങ്ങനെയല്ല,അത് കേൾക്കുന്നയാൾക്ക് വിഷമം ആവുമോയെന്നൊക്കെ ചിന്തിച്ച ശേഷമേ പറയു. സിദ്ദിഖ് പറയാത്ത ഞാൻ പറഞ്ഞൊരു തമാശയുണ്ട്. പക്ഷെ അതിപ്പോഴും സിദ്ദിഖിന്റെ പേരിലാണ്. ഒരിക്കൽ കൈതപ്രം കയറിവന്നു. അദേഹത്തിന്റെ കഴുത്തിലും കയ്യിലുമൊക്കെ മാലകളും മോതിരങ്ങളുമൊക്കെയായി സ്വർണത്തിന്റെ ഒരു ബഹളമാണ്. സ്വർണം ഒരുപാട് ഉണ്ടല്ലോയെന്ന് ആരോ ചോദിച്ചു. അപ്പോ സിദ്ദിഖ് പറഞ്ഞു ശരീരം മുഴുവൻ സ്വർണമാണെങ്കിലും പാട്ടിൽ മുഴുവൻ വെള്ളിയാണ് എന്ന്. സിദ്ദിഖ് പറഞ്ഞു എന്ന രീതിയിൽ ഇത് വ്യാപകമായി പ്രചരിച്ചു. സത്യത്തിൽ അത് പറഞ്ഞത് ഞാനായിരുന്നു. സിദ്ദിഖ് ഒരിക്കലും അത് പറയില്ല. പക്ഷെ പറഞ്ഞത് ഞാനാണ് എന്ന് എവിടേയും പറയാനും ഞാൻ പോയിട്ടില്ല. പക്ഷെ പിന്നീട് എനിക്ക് തോന്നി ഇത് പറയണമെന്ന്. ഇപ്പോൾ മനോരമന്യൂസ് ഡോട്ട് കോമിലൂടെ ഞാനത് തുറന്നു പറയുകയാണ്. ആ തമാശ എന്റെയായിരുന്നു..
ഒരിക്കൽ ഞങ്ങൾ ഒരുമിച്ച് ഞാനും സിദ്ദിഖും മറ്റൊരു സുഹൃത്തും കൂടി ഒരു ബാങ്കിൽ ലോണിന്റെ ആവശ്യത്തിനായി ചെന്നു. കുറേനേരം കാത്തിരുന്നിട്ടാണ് മാനേജറെ കാണാൻ പറ്റിയത്. മുറിയിലേക്ക് ചെന്നു മുൻപിലുള്ള മൂന്നു കസേരകളിലിരുന്നു സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും മറ്റൊരാൾ പെട്ടെന്ന് കയറിവന്നു മാനേജറോട് വലിയ അധികാരത്തിൽ സംസാരിക്കാൻ തുടങ്ങി. മുറിയിൽ വേറെ ആളുണ്ടെന്ന ഒരു ബോധവുമില്ലാതെ. എനിക്ക് നല്ല ദേഷ്യം വന്നു. കടിച്ചമർത്തി ഇരിക്കുകയാണ്. പെട്ടെന്നയാൾ ഞങ്ങൾ ഇരിക്കുന്ന കസേരകൾക്കിടയിലേക്ക് കസേര ഉണ്ടെന്ന വിശ്വാസത്തിൽ ഇരിക്കാൻ ശ്രമിച്ചു. അടിച്ചുതല്ലി താഴെ വീണു. ഞാൻ പെട്ടെന്ന് ഉറക്കെ ചിരിച്ചു. സുഹൃത്തും ചിരിച്ചു, ബാങ്ക് മാനേജറും ചിരിച്ചു. ഒന്നാമത് അയാൾ ഉണ്ടാക്കിയ അസ്വസ്ഥത,കൂടെ വീഴ്ചയും. മൊത്തത്തിൽ കോമഡിയായിപോയി. പക്ഷെ സിദ്ദിഖിന്റെ മുഖത്ത് ഒരു ചെറിയ ചിരി പോലും വന്നില്ല. നിങ്ങൾ ചിരിച്ചത് അയാൾക്കെത്ര വിഷമം ഉണ്ടാക്കി കാണും എന്ന് പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ എന്നെ കുറേ ചീത്തയും പറഞ്ഞു. അങ്ങനെ ചിന്തിക്കുന്ന ഒരാളായിരുന്നു സിദ്ദിഖ്. ഒരാളും വേദനിക്കുന്നത് കാണാൻ ഇഷ്ടമില്ലാത്ത മനസ്.
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ, സിദ്ദിഖ് ലാൽ. എവിടെയും കേൾക്കുന്ന ഒറ്റയാളെന്ന തോന്നലുയർത്തുന്ന ചേർത്തുവെയ്പ്പ്.. സിദ്ദിഖും ലാലും കട്ട കൂട്ടുകാരായതെങ്ങനെയാണ്..?
എങ്ങനെയെന്നറിയില്ല. പരിചയപ്പെട്ട് ചെറിയ കാലത്തിനുള്ളിൽ തന്നെ ഒരാളെന്ത് ചിന്തിക്കുന്നു എന്നത് മറ്റെയാൾക്ക് തിരിച്ചറിയാൻ പറ്റുന്നു എന്ന അവസ്ഥയിലെക്കെത്തുകയായിരുന്നു. തർക്കങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഒരു ദിവസത്തെ ആയുസേ ഉണ്ടായിട്ടുള്ളു. ശരികളും തെറ്റുകളും ഉണ്ടാവാം. കൂടുതൽ ശരി ഏതെങ്കിലും ഒന്നാവാം. പിന്നീട് പറഞ്ഞത് തെറ്റായി എന്ന തോന്നലുണ്ടായാൽ അത് സമ്മതിച്ച് കൊടുക്കാനും തിരുത്താനും ഒരു മനസ് വേണം. അതുണ്ടായിരുന്നു..അതായിരുന്നു കെമിസ്ട്രി..അതായിരുന്നു ഞങ്ങൾ..എന്നെ സംബന്ധിച്ച് ഞാനേറ്റവും ഭാഗ്യം ചെയ്തയാളാണ്. ഏറ്റവും നല്ല സുഹൃത്തിനെ കിട്ടുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അക്കാര്യത്തിൽ ഞാൻ സമ്പന്നനാണ്. ഞാൻ മാത്രമല്ല അക്കാര്യത്തിൽ സിദ്ദിഖും സമ്പന്നനാണ്..
സിദ്ദിഖ് അനുസ്മരണ പരിപാടികളിൽ കണ്ടിട്ടേയില്ല.. അതെന്തുകൊണ്ടാണ്..?
സിദ്ദിഖ് വിട്ടുപോയിട്ടും ഞാനൊരു അനുശോചന പരിപാടികൾക്കും പോയിട്ടില്ല. പലരും വിളിച്ചു, ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞു..ഖത്തറിൽ ഒരു പരിപാടിക്ക് പോയപ്പോഴും ഞാൻ വേദിയിൽ സംസാരിച്ചില്ല. നടൻ സിദ്ദിഖ് കൈതപ്രത്തിന്റെ തമാശ അന്ന് വേദിയിൽ പറഞ്ഞു. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. സത്യത്തിൽ എനിക്ക് അതുകേട്ടപ്പോൾ വേദന തോന്നിയിരുന്നു. അത് പറഞ്ഞത് ഞാനാണല്ലോയെന്നോർത്ത്. പക്ഷെ എനിക്ക് പറയാൻ സത്യത്തിൽ ഒന്നുമില്ല.. പറഞ്ഞു തുടങ്ങിയാൽ ഞാനേത് അവസ്ഥയിലേക്ക് എത്തുമെന്നും അറിയില്ല. ചിലപ്പോൾ എന്റെ കയ്യിന്ന് പോകും. അതാണ്.. പലരും പറയും ഇത്ര സുഹൃത്തുക്കളായിട്ടും പോവാതിരിക്കുന്നത് മോശമാണ് എന്നൊക്കെ. പക്ഷെ എനിക്കിതുവരെ സിദ്ദിഖ് എന്നെവിട്ടുപോയെന്നത് ഉൾക്കൊള്ളാനായിട്ടില്ല..മനപൂർവമല്ല..പറ്റാഞ്ഞിട്ടാണ്..പിന്നെ ഞാനെങ്ങനെ..
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ വീണ്ടുമൊരു സിനിമ സംഭവിക്കുമായിരുന്നോ?
ഒരുമിച്ച് വീണ്ടുമൊരു സിനിമയെടുക്കുന്നതിനെപ്പറ്റി ഞങ്ങൾ ആലോചിച്ചിരുന്നു. ചർച്ചകളും നടന്നിരുന്നു. എന്തുകൊണ്ടോ മുന്നോട്ട് പോവാൻ വൈകി. കൂടെയുണ്ടായിരുന്നെങ്കിൽ അത് വീണ്ടും സംഭവിച്ചേനെ..
മിമിക്രി വേദികൾക്ക് കർട്ടനിട്ട് ആദ്യം സിദ്ദിഖും പിന്നെ ലാലും കലാഭവന്റെ പടിയിറങ്ങി, അതിന് പിന്നിലൊരു കർട്ടൻ വലിയുടെ കഥ മറഞ്ഞിരിക്കുന്നുണ്ടോ?
സത്യത്തിൽ അതൊരു വഴക്ക് തന്നെയായിരുന്നു. മിമിക്സ് പരേഡ് എന്നൊരു ട്രൂപ്പ് ഉണ്ടാക്കി വളരെ പ്രഫഷണലായാണ് ഞങ്ങൾ പരിപാടി അവതരിപ്പിച്ചിരുന്നത്. കൃത്യമായ സ്ക്രിപ്റ്റും ഡയലോഗുകളും ഉണ്ടാവും. അതനുസരിച്ചാണ് പെർഫോമൻസ്.പിന്നീട് സ്റ്റേജിൽ വച്ച് ലൈവായി മാറ്റി പറയാൻ അനുവദിച്ചിരുന്നില്ല. മാറ്റം തോന്നിയാൽ പിന്നീട് പരിഹരിക്കുന്ന രീതിയായിരുന്നു. അതുപോലെ നടന്നൊരു പരിപാടി അവസാനിക്കുന്ന സമയം, കർട്ടൻ വീണു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് കലാഭവൻ അൻസാർ പ്രസാദിന്റെ പിന്നിൽ കൈകൊണ്ട് കുത്തി. പ്രസാദ് അറിയാതെ മൈക്കിന് മുന്നിൽ നിന്ന് പ്രത്യേക ശബ്ദമുണ്ടാക്കിപോയി. ആളുകൾ ശ്രദ്ധിച്ചോയെന്ന് അറിയില്ല. കർട്ടൻ വീണതും സിദ്ദിഖ് ഭയങ്കരമായി അൻസാറിനോട് ദേഷ്യപ്പെട്ടു. അൻസാർ വിഷമത്തോടെ അവിടെന്ന് പോയി. ഞങ്ങൾ പ്രോഗ്രാമിന്റെ കർട്ടനും ബാനറുമൊക്കെ അഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അൻസാർ വടിയുമായി സിദ്ദിഖിനെ അടിക്കാൻ ഓടി വരുന്നതാണ്. ഞാനൊന്നുമാലോചിച്ചില്ല ചാടിയൊരു ചവിട്ടുകൊടുത്തു. കർട്ടൻ കുറച്ചു പൊങ്ങിയിരിക്കുകയായിരുന്നു. അൻസാർ അതിനിടയിലൂടെ ഗ്രൗണ്ടിലേക്ക് വന്നുവീണു. അവിടെവച്ചു വീണ്ടും വഴക്കുണ്ടായി. അങ്ങനെയാണ് സിദ്ദിഖ് ഇനി ഞാൻ മിമിക്സ് പരേഡിനില്ല എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചത്. പിന്നാലെ ഞാനുമിറങ്ങി.
ജീവിതത്തിൽ താങ്ങും തണലുമായി സിദ്ദിഖ് നിന്നൊരു അനുഭവം..?
എന്റെ പെങ്ങളുടെ കല്യാണം. അന്ന് പൈസയൊന്നും അങ്ങനെ കയ്യിലില്ലാത്ത സമയമാണ്. കല്യാണമുറപ്പിച്ചു. അതിനായി സ്വർണവും മറ്റും എടുപ്പിച്ചു. കല്യാണത്തിന് രണ്ടുദിവസം മുൻപ് ഒരു വള കാണാതെപോയി. പെട്ടെന്ന് പകരമൊന്ന് വാങ്ങാൻ പണം കണ്ടെത്തുക എളുപ്പമല്ല. ആകെ വിഷമിച്ചു. വീട്ടിൽ നിന്നിറങ്ങി ഞങ്ങൾ എഴുതാനിരിക്കുന്ന സ്ഥലത്ത് പോയി വെറുതെ കിടക്കുകയാണ്. ആ സമയത്ത് സിദ്ദിഖ് വന്നു. എന്നിട്ട് പറഞ്ഞു, ലാലേ കല്യാണമൊക്കെയല്ലെ എന്റെ കയ്യില് കുറച്ച് പൈസയുണ്ട്. ഇതുവച്ചോയെന്ന് പറഞ്ഞ് ഒരു പൊതി നീട്ടി. സത്യത്തിൽ എനിക്കത് വിലമതിക്കാനാവാത്ത ഒന്നായിരുന്നു. കാരണം മറ്റൊരു മാർഗവും ഇല്ലായിരുന്നു. പക്ഷെ ഞാൻ നന്ദിയൊന്നും പറഞ്ഞില്ല. ഞങ്ങൾക്കിടയിൽ അങ്ങനെയാരു ഫോർമാലിറ്റി ഇല്ലായിരുന്നു. പരസ്പരം അഭിനന്ദനങ്ങളുമുണ്ടായിട്ടില്ല. ആർക്കു കിട്ടിയാലും അത് ഞങ്ങൾക്ക് കിട്ടുന്ന പോലെ തന്നെയായിരുന്നു. തർക്കങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. പക്ഷെ അവസാനം രണ്ടുപേർക്കും ശരിയായ ഒരുത്തരത്തിലേക്കെത്തുമായിരുന്നു. ഞങ്ങൾ രണ്ടായി കണ്ടിട്ടില്ലെന്നതാണ് സത്യം. പതിനെട്ട് വയസിൽ പരിചയപ്പെട്ടതാണ് ഞങ്ങൾ. അമ്പത് വർഷത്തോളം പഴക്കമുള്ള ബന്ധം. സിദ്ദിഖ് ലാലിലെ ലാൽ , സിദ്ദിഖ് ലാലിലെ സിദ്ദിഖ് അങ്ങനെയാണ് ഞങ്ങൾ എക്കാലത്തും പരിചയപ്പെടുത്തിയിട്ടുള്ളതും. രണ്ടുപേരുണ്ടായിരുന്നില്ല എന്നതാണ് സത്യം. മോശപ്പെട്ട അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. എല്ലാ തർക്കങ്ങൾക്കും ഒരസ്തമയം വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു.അതിനുള്ളിൽ അത് പരിഹരിക്കുമായിരുന്നു.
പക്ഷെ സിദ്ദിഖിന്റെ അവസാനയാത്രയിൽ വല്ലാതെ ഉലഞ്ഞുപോയൊരു ലാലിനെ കണ്ടിരുന്നു...?
എനിക്കത് ആ വിയോഗം ഉൾക്കൊള്ളാൻ പറ്റിയിരുന്നില്ല. ഇന്നും പറ്റുന്നില്ല..ഇപ്പോഴും പണ്ടത്തെ സിനിമാ കാര്യങ്ങളിൽ എന്തെങ്കിലും സംശയം വന്നാൽ അന്ന് അങ്ങനെ നടന്നിരുന്നോ അവർ വന്നിരുന്നോ എന്നൊക്കെ സംശയം വരുമ്പോൾ ഓർക്കാതെ ഫോണെടുക്കും, സിദ്ദിഖിനോട് ചോദിക്കാമെന്നോർത്ത്. കാരണം സിദ്ദിഖിന് അത് നന്നായി ഓർമ കാണും. വ്യക്തത വരുത്താമല്ലോയെന്ന് ചിന്തിക്കും. അപ്പോ ..അങ്ങനെ.. ഒരു.. അതൊരു വല്ലാത്ത അവസ്ഥയാണ്..!
വാക്കുകൾ മുറിഞ്ഞ് ലാൽ പെട്ടെന്ന് സംഭാഷണം അവസാനിപ്പിച്ചു... അതെ അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.. ആ വിയോഗം ഒരാണ്ട് പിന്നിട്ടിട്ടും അംഗീകരിക്കാനാവാത്ത മനസുമായി വിങ്ങലിന്റെ കനം പേറി ജീവിക്കേണ്ടി വരുക എളുപ്പമല്ല..ഒട്ടും..