prajesh-sidhique

സംവിധായകന്‍ പ്രജേഷ് സെന്‍ കൊച്ചി പനമ്പിള്ളിനഗറിലെ ഒാഫിസ് മുറിയില്‍ ഫ്രെയിമിട്ട് സൂക്ഷിച്ചിരിക്കുന്നൊരു ചിത്രമുണ്ട്. അത് മറ്റാരുമല്ല സംവിധായകന്‍ സിദ്ദിഖിന്‍റെതാണ്. സിനിമയിലെ ആദ്യ ഗുരുവായിരുന്നു സിദ്ദിഖ്.  തന്‍റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ ആദ്യ വ്യക്തി. അതിനൊപ്പം നില്‍ക്കാന്‍ ധൈര്യം തന്ന തണല്‍. സഹസംവിധായകനായി തുടക്കം കുറിച്ചത് സിദ്ദിഖിന്‍റെ ഭാസ്കര്‍ ദ റാസ്ക്കല്‍ എന്ന ചിത്രത്തില്‍.  തുടക്കക്കാരനെന്ന ലേബലോടെയല്ലാതെ ആവോളം സ്നേഹം പകര്‍ന്ന് കരുതലോടെ ചേര്‍ത്തുപിടിച്ച ഒാര്‍മകള്‍ വിങ്ങലോടെ ഓര്‍ക്കുകയാണ് പ്രജേഷ് സെന്‍. സിദ്ദിഖ് സാര്‍ ധൈര്യം തന്നില്ലായിരുന്നുവെങ്കില്‍ ജയസൂര്യ ഫുട്ബോള്‍ ഇതിഹാസം വി.പി.സത്യനായി പകര്‍ന്നാടിയ പ്രേക്ഷകര്‍ ഏറ്റെടുത്ത തന്‍റെ ക്യാപ്റ്റന്‍ എന്ന സിനിമ തന്നെ സംഭവിക്കില്ലായിരുന്നുവെന്ന് പ്രജേഷ് ഓര്‍ത്തെടുക്കുന്നു. പിന്നീടിങ്ങോട്ട് പ്രേക്ഷകര്‍ സ്വീകരിച്ച ഒരുപിടി ചിത്രങ്ങള്‍ ഒരുക്കാനായതും ആ അനുഗ്രഹം കൊണ്ടുമാത്രമാണെന്ന് വിശ്വസിക്കാനാണ് പ്രജേഷ് സെന്നിനിഷ്ടം.

 ഗുരുനാഥന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് അദേഹം എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.

''കുഞ്ഞുന്നാളിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു ശനിയാഴ്ചകളിലെ സിനിമ കാണൽ. അങ്ങനെ ഒരു ശനിയാഴ്ചയാണ് വീടിനടുത്തുള്ള എസ് എൻ തീയറ്ററിൽ വച്ച് ഗോഡ് ഫാദർ കാണുന്നത്. വയറുളുക്കും വിധം ഇളകി മറിഞ്ഞ് ചിരിച്ചു ആവോളം. തിങ്കളാഴ്ച സ്കൂളിൽ ചെന്ന് സിനിമ കാണാത്തവരോട് കഥ പറഞ്ഞു. സ്കൂൾ വിട്ടു വരുമ്പോഴെല്ലാം തിയറ്ററിന് മുന്നിൽ ആൾക്കാരുടെ നീണ്ട നിര കാണാം. ആ ക്യൂ അങ്ങനെ നീണ്ടു പോയി കുറേ നാൾ . അടുത്ത സിനിമ വരാത്തതിനാൽ പിന്നെയും ഗോഡ് ഫാദർ കണ്ടു. പൊട്ടിച്ചിരിച്ചു. നൂറാം ദിവസത്തെ പോസ്റ്റർ കണ്ടു കവലയിൽ. പിറ്റേന്ന് മൂന്നാം തവണയും ആ സിനിമ കാണാൻ തന്നെയാണ് പോയത്. വലുതായി ടിവിയിൽ എത്ര തവണ ഗോഡ് ഫാദർ കണ്ടെന്ന് എണ്ണിപ്പറയാൻ പോലുമാവില്ല. ആ സിനിമയും ഡയലോഗുകളും കഥാപാത്രങ്ങളും അത്രകണ്ട് മനസിലിടം നേടിയിരുന്നു.

പിന്നെയും കുറേക്കാലം കഴിഞ്ഞാണ്   വിയറ്റ്നാം കോളനിയും കാബൂളിവാലയും കാണുന്നത്. സംവിധാനം സിദ്ധിഖ് ലാൽ എന്നെഴുതി കണ്ടു. ഇയാളെങ്ങനെ ഇത്ര തമാശയുണ്ടാക്കുന്നു എന്നായി ചിന്ത. പിന്നീട് ഞായറാഴ്ചത്തെ പത്രത്തിലെ സിനിമാ പേജിലെ ഇന്റർവ്യൂ കണ്ടാണ് ഒറ്റയാളല്ല, സിദ്ധിഖും ലാലും രണ്ടു പേരാണെന്ന് തിരിച്ചറിയുന്നത്. പുല്ലേപ്പടി പാലത്തിന് താഴെയിരുന്ന് സാധാരണക്കാരായ ചെറുപ്പക്കാർ കണ്ട സിനിമാ സ്വപ്നങ്ങളായിരുന്നു ആ അഭിമുഖം പറഞ്ഞു തന്നത്. സിനിമയിൽ എത്തിപ്പെടണമെന്ന് മനസിൽ പോലും ഇല്ലാതിരുന്നിട്ടും ആ അഭിമുഖം ഹൃദയത്തിലെവിടെയോ കൊളുത്തിട്ടു. 

പത്രപ്രവർത്തകനായിരുന്ന കാലത്താണ് , സുഹൃത്തുക്കളുടെയൊക്കെ പ്രേരണയാൽ ഒരു സിനിമാ തിരക്കഥ എഴുതുന്നത്. അത് സിനിമയാക്കാൻ പലവാതിലുകളും മുട്ടി. ഏറെ അലഞ്ഞിട്ടും സംവിധായകർ പലരും അത് തിരസ്കരിച്ചു. അങ്ങനെ നിരാശപ്പെട്ടിരുന്നൊരു സമയത്താണ് ഞാൻ ജോലി ചെയ്തിരുന്ന മാധ്യമം ഒരു ഗൾഫ് ഷോ സംഘടിപ്പിക്കുന്നത്. എം ടി, മമ്മൂട്ടി , മോഹൻലാൽ അങ്ങനെ താരസമ്പന്നം. സിദ്ധിഖ് സർ ആണ് ഷോ ഡയറക്ടർ. സ്ക്രിപ്റ്റിൽ അദ്ദേഹത്തെ സഹായിക്കാൻ നിർദേശിക്കപ്പെട്ട , എന്റെ സീനിയറായ എൻ.പി സജീഷേട്ടൻ ആയിരുന്നു. അദ്ദേഹം എനിക്കും ഒപ്പം നിൽക്കാനൊരു അവസരം തന്നു. അങ്ങനെ സാക്ഷാൽ സിദ്ധിഖ് സാറിനടുത്തേക്ക് ഞാൻ വണ്ടി കയറി.

ഷോ വിജയിച്ചു. സിദ്ധിഖ് സാറിനോട് വ്യക്തിപരമായി ബന്ധം സ്ഥാപിക്കാനായി. പക്ഷെ അപ്പോഴും ഒരു തിരക്കഥ ബാഗിലുണ്ട് എന്ന് പറയാനുള്ള ധൈര്യം എന്തോ എനിക്കുണ്ടായില്ല. സിദ്ധിഖ് - ലാൽ കൂട്ടുകെട്ടിന്റെ ഒരു പാട് കഥകൾ അദ്ദേഹം പറയുമായിരുന്നു. റൂമിലെത്തിയാൽ അതൊക്കെ കുറിച്ചു വയ്ക്കുക ഞാനൊരു ശീലമാക്കി. അങ്ങനെ പറഞ്ഞ ഒരു കഥ 

വിശദമായി എഴുതി പ്രസിദ്ധീകരിക്കാൻ അനുവാദം ചോദിച്ചു. അത് മാധ്യമം ഞായറാഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്നപ്പോൾ സാറിന് ഇഷ്ടമായി. അങ്ങനെ അതൊരു കോളമായി മാറി ‘സിദ്ധിഖ് സ്പീക്കിങ്ങ്’. പിന്നീട് പല തവണ അദ്ദേഹത്തെ കണ്ടു. ഇടക്കിടെ ഫോണിൽ സംസാരിച്ചു.  

അപ്പോഴെല്ലാം എന്റെ എഴുത്തിൽ സിനിമ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു തന്നു. അടുത്ത പടത്തിന്റെ എഴുത്തിന് ഇരിക്കുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു. അത് വെറും വാക്കായില്ല. എനിക്ക് വിളി വന്നു. 

അങ്ങനെ എന്റെ സിനിമാ സ്വപ്നങ്ങൾക്ക് വീണ്ടും ജീവൻ വെച്ചു. പുല്ലേപടി പാലത്തിന് ചുവട്ടിലിരിക്കുന്ന ചെറുപ്പക്കാരനായി എന്നെത്തന്നെ സങ്കൽപിച്ചു.ജോലി രാജിവച്ച്  കുഴപ്പം ഉണ്ടാകരുത് തൽകാലം ലീവ് എടുത്ത് സിനിമയിൽ നിന്നാൽമതിയെന്ന് സാർ പറഞ്ഞു. പക്ഷേ അതുപോലെ ഒരവസരം കൈവന്നിട്ട് രണ്ട് വള്ളത്തിൽ യാത്ര ചെയ്യാൻ എനിക്ക് തോന്നിയില്ല.അങ്ങനെ മമ്മൂക്കനായകനായ ഭാസ്കർ ദ റാസ്കലിന്റെ സെറ്റ് എനിക്ക് ഫിലിം സ്കൂളായി. സിദ്ധിഖ് സർ ഗുരുവും.

പിന്നീടെപ്പോഴോ കയ്യിലുള്ള തിരക്കഥ അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ചു. കണ്ണു നിറച്ച്  ‘ പ്രജേഷ് തന്നെ ഇത് ചെയ്യണം ‘ എന്ന് ആത്മവിശ്വാസം പകർന്നു. വീണ്ടും ശ്രമങ്ങൾ . പക്ഷെ പരാജയം തന്നെ. ഒടുവിൽ ഫുക്രിയുടെ സെറ്റിൽ വച്ച് കഥ കേട്ട ജയേട്ടന് ഇഷ്ടപ്പെട്ടു. നവോദയ സ്റ്റുഡിയോയിൽ ഫുക്രി ഷൂട്ട് നടക്കുമ്പോൾ സിദ്ദീക്ക് സാർ തന്നെ അനൗൺസ് ചെയ്തു. അങ്ങനെയാണ് ക്യാപ്റ്റന്റെ തുടക്കം. കോഴിക്കോട്ട് വച്ച് ആദ്യ ക്ലാപ്പടിച്ച് മഹാനായ ഗുരുനാഥൻ എന്നെ അനുഗ്രഹിച്ചു. 

സിനിമയുടെ നൂറാം ദിവസം ആഘോഷിക്കാനും അദ്ദേഹമെത്തി.  " വളരെ റിസ്കുള്ള ഒരു വിഷയം സിനിമയാക്കിയപ്പോൾ സത്യത്തിൽ എനിക്ക് നല്ല ടെൻഷനുണ്ടായി. ഫസ്റ്റ് ഷോ കണ്ടപ്പൊഴാണ് സമാധാനമായത് " .  ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് സിദ്ധിഖ് സർ അതു പറഞ്ഞത്.

പിന്നീട് ചെയ്ത സിനിമകൾക്കും ആദ്യ ക്ലാപ്പടിച്ചത് സാറാണ്. എല്ലാ പുതുവത്സര ദിനത്തിലും ഞാനും ചേട്ടൻ ലിബിസൺ ഗോപിയും കാണാൻ പോകും. ചേട്ടനെടുക്കുന്ന ഫോട്ടോകൾ സാറിന് വലിയ ഇഷ്ടമായിരുന്നു. കഴിഞ്ഞ പുതുവത്സരത്തിനും സാർ കാത്തിരുന്നിരുന്നു. സാറിന്റെ എല്ലാ പിറന്നാളിനും ഞങ്ങൾ കേക്കുമായി ചെല്ലും. ആഘോഷങ്ങൾ ഇഷ്ടമല്ലെങ്കിലും കേക്ക് മുറിക്കും. കഴിഞ്ഞ പിറന്നാളിന് പ്രത്യേകം പറഞ്ഞുണ്ടാക്കിച്ച മധുരമില്ലാത്ത കേക്കുമായാണ് പോയത്. അന്ന് പുതിയതായി ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞത്. കഥ മുഴുവൻ കേൾപ്പിച്ചു. വളരെ ഊർജസ്വലനായി പ്രതീക്ഷയോടെ.  പക്ഷെ ആ സ്വപ്നം പാതിവഴിയിൽ നിർത്തി,  നികത്താനാകാത്ത ഒരു ശൂന്യത എല്ലാവരുടെയും ഹൃദയത്തിൽ നിറച്ചാണ് സർ കടന്നുപോയത്. 

പുതിയ ചിത്രം ഹൗഡിനിയുടെ ആദ്യ ക്ലാപ്പ് അടിക്കേണ്ടിയിരുന്നത് സാറായിരുന്നു. അന്നാണ് ആ നഷ്ടത്തിന്റെ തീവ്രത എത്രവലുതാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷെ അദ്ദേഹത്തിന്റെ സ്നേഹവും തണലും അനുഗ്രഹവും എന്നും കൂടെ ഉണ്ടാകുമെന്ന് ഉറപ്പാണ്. പകരം വെക്കാനാകാത്ത പ്രിയപ്പെട്ട ഗുരുനാഥന് വിട്ടുപോയിട്ട് ഒരാണ്ട് കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം ആമരണം തന്നെ വിശ്വസിക്കാൻ മനസിന് കഴിയുന്നില്ല. 

നമ്മുടെ ചുറ്റും എവിടെയോ ഒരു ഫോൺ കാളിൻ്റെ അപ്പുറത്ത് ഉള്ളത് പോലൊരു തോന്നലാണ്. നീറ്റലുള്ള തോന്നൽ. പ്രണാമം.''

Director Prajesh Sen in Siddique's memories: