സിനിമകളിലൂടെ മാത്രമല്ല, യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍ എന്ന തരത്തിലും മലയാളികളുടെ ‘അയല്‍വീട്ടിലെ കുട്ടി’യാണ് അഹാന കൃഷ്ണ. താന്‍ ചലച്ചിത്ര ലോകത്തേക്ക് വന്നിട്ട് പത്തുവര്‍ഷത്തോളമായെന്ന് പറയുകയാണ് താരമിപ്പോള്‍. സിനിമകളിലെ ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയ്ക്കൊപ്പമാണ് അഹാനയുടെ കുറിപ്പ്. ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ മറക്കാനാവാത്ത മനോഹര ഓര്‍മകളും മോശം കാര്യങ്ങള്‍ തിരുത്തലിനുള്ള അവസരവുമായി മാറി എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
പത്തുവര്‍ഷം, ഒരുപിടി നല്ല സിനിമകളും മനംനിറയെ പ്രത്യാശകളും നിറഞ്ഞ കാലം. അഭിനേത്രി എന്ന നിലയില്‍ ഒരു ദശകം പൂര്‍ത്തിയാക്കിയിരിക്കുന്നു. വിശ്വസിക്കാനാവുന്നില്ല. ഈ പത്തുവര്‍ഷത്തിനിടയില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന്, ഓരോ വ്യക്തിയുടെ ജീവിതവും വ്യത്യസ്തമായ യാത്രയാണ്. ഒരു ചെറുചിരിയോടെ നിങ്ങള്‍ മുന്നിലേക്ക് നടക്കാന്‍ പരിശീലിക്കുന്നിടത്താണ് വിജയം എന്നതാണ്.
ഈ യാത്രയിലുടനീളം എനിക്കൊപ്പമുണ്ടായിരുന്നവരെ നന്ദിയോടെ ഓര്‍ക്കുന്നു. അതില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ തന്നവരുണ്ട്. നല്ല കാര്യങ്ങള്‍ മറക്കാനാവാത്ത മനോഹര ഓര്‍മകളും സംതൃപ്തിയും വ്യക്തിപരമായ വളര്‍ച്ചയുമായി മാറി. അതേസമയം മോശം കാര്യങ്ങളാവട്ടെ കൂടുതല്‍ പഠിക്കാനും തിരുത്തലിനുമുള്ള അവസരമൊരുക്കി. അടുത്ത പത്തുവര്‍ഷത്തേക്ക് കരുതിവയ്ക്കാന്‍ എന്തൊക്കെയുണ്ടാവുമെന്ന് നോക്കാം.