''ഒരു ചിറകല്ല, ജീവന്റെ പാതി പോയതുപോലെയാണ് ആശുപത്രിയുടെ പടികളിറങ്ങിയത്. ഒരു മാസം മുൻപാണ് സിദ്ദിഖിനെ കാണാൻ ആദ്യം ആശുപത്രിയിലെത്തിയത്. എന്റെ കണ്ണിൽ ഇരുട്ടു കയറി. അങ്ങനെയൊരു സിദ്ദിഖിനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. നരച്ച താടി, മുഖത്ത് ഓക്സിജൻ മാസ്ക്. ചുണ്ടിൽ മുറിപ്പാട്. ഞാൻ വീണുപോകുമെന്ന് തോന്നി. അങ്ങനെയൊന്നും തളർന്നു പോകുന്നയാളല്ല സിദ്ദിഖ്. ഞാൻ ഇടറിയപ്പോഴെല്ലാം താങ്ങായ കൂട്ടുകാരനാണ്.''
മലയാളസിനിമയില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ത്ത സിദ്ദിഖ് ലാല്‍കൂട്ടുകെട്ട്. അതില്‍ തന്‍റെ പ്രിയപ്പെട്ടവന്‍ പെട്ടെന്ന് ഇറങ്ങിപ്പോയപ്പോള്‍ ഉലഞ്ഞുപോയ മറുപാതിയുടെ വാക്കുകളാണ്. അതെ അത് നമ്മള്‍ കണ്ടതുമാണ് . മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന്‍റെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഉലഞ്ഞു നിന്നുപോയൊരു മനുഷ്യനെ.ലാലിന്‍റെ ആ ഉലച്ചിലിലുണ്ടായിരുന്നു എല്ലാം. ഈ കാഴ്ചയ്ക്കപ്പുറം ഈ സൗഹൃദത്തെ വാക്കുകളില്‍ തളച്ചിടാനാവാത്തതും അതുകൊണ്ട് തന്നെ. കാലത്തിന്‍റെ അനിവാര്യതയില്‍ ഒരാള്‍ മടക്കം നേരത്തെയാക്കിയപ്പോള്‍ മഴയത്തുനിന്നുപോയൊരു മനുഷ്യനാണ് ലാല്‍. അതുപോലെ പ്രിയപ്പെട്ട എത്രയോപേര്‍.
റാംജി റാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി ഇരുവരും ഒരുമിച്ചപ്പോൾ മലയാളത്തിൽ പിറന്നത് വന്‍ ഹിറ്റുകള്‍. മലയാളിയുടെ മനസിലേക്ക് കസേരവലിച്ചിട്ടിരുന്ന സിനിമയായിരുന്നു 'ഗോഡ് ഫാദർ'. എൻ എൻ പിള്ളയും, ഫിലോമിനയും അവതരിപ്പിച്ച അഞ്ഞൂറാനും ആനപ്പാറയിലെ അച്ചമ്മയും ഇവരുടെ മക്കളും കുടുംബവഴക്കുമായി അരങ്ങുതകര്‍ത്ത സിനിമ. ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച മലയാള സിനിമയായും അത് മാറി. നാളിതുവരെ ഒരു മലയാളസിനിമയും മറികടക്കാത്ത റെക്കോര്‍ഡ്. ഒന്നിച്ചൊരുക്കിയ ആദ്യ തിരക്കഥ വലിയ പരാജയമായ കഥയും ഈ കൂട്ടുകെട്ടിനുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' ആയിരുന്നു സിദ്ദിഖും ലാലും ചേർന്നെഴുതിയ ആദ്യ തിരക്കഥ. അന്നത്തെ ചെറിയ ബജറ്റിൽ എടുക്കേണ്ട സിനിമയായിരുന്നില്ല അത്,' എന്നാണ് പിന്നീട് സിദ്ദിഖ് സിനിമയുടെ പരാജയത്തെക്കുറിച്ച് പറഞ്ഞത്.
ഒരിക്കല്‍ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കലാഭവന്റെ മിമിക്രി പരിപാടി കഴിഞ്ഞു ട്രൂപ്പിന്റെ വണ്ടി പുറത്തേക്കിറങ്ങുന്നു. പന്തലുകാർക്കു ഭയങ്കര സന്തോഷം.സ്നേഹം പ്രകടിപ്പിക്കാൻ വെൽക്കം ബോർഡിൽ കെട്ടിയ ചെന്തെങ്ങിന്റെ രണ്ടു കരിക്കിൻകുല അവർ ട്രൂപ്പിനു സമ്മാനിച്ചു. എല്ലാവരെയും വീടുകളിൽ ഇറക്കി അവസാനമാണു സിദ്ദിഖും ലാലും കൊച്ചി പുല്ലേപ്പടിയിൽ വണ്ടി ഇറങ്ങിയത്. കരിക്കിൻ കുലയുമായി പുലർച്ചെ മൂന്നുമണിക്ക് ചെന്നുപെട്ടതാകട്ടെ ബീറ്റ് പൊലീസിന്റെ മുന്നിലും. രണ്ടുകുല ചെന്തെങ്ങിൻ കരിക്കും സിദ്ദിഖ് ലാലുമാരുമായി പൊലീസ് ജീപ്പ് കൊച്ചി നഗരത്തിലൂടെ പാഞ്ഞു. ഒടുവിൽ മുസ്‌തഫയുടെ പുട്ടുകടയെത്തിയപ്പോൾ സിദ്ദിഖ് പൊലീസുകാരോട് പറഞ്ഞു അവിടെയൊന്ന് ചോദിക്കാമോയെന്ന്. ഞങ്ങളെ അവർക്കറിയാമെന്ന്’.– ‘ഇതു നമ്മുടെ പിള്ളേരാണെന്ന് പുട്ടുകടക്കാരൻ സാക്ഷ്യപ്പെടുത്തി’. അതായിരുന്നു കുട്ടുകെട്ട്.
മിമിക്രിയെ ‘മിമിക്സ് പരേഡ്’ എന്ന് ആദ്യം പേരുമാറ്റി വിളിച്ചതു സിദ്ദിഖ് ആയിരുന്നു. കലാഭവൻ കാലത്തു തുടങ്ങിയ ആ ചിരിപ്പരേഡ് പിന്നീടു മലയാള സിനിമയിലേക്കു മാർച്ച് ചെയ്തു മുന്നേറി .
സിദ്ദിഖ് കലാഭവനുമായി പിണങ്ങിപ്പിരിഞ്ഞ സമയം. ഇനിയെന്തായാലും കലാഭവനിലേക്കില്ല എന്ന് ഉറപ്പിച്ച്, ജോലിചെയ്യുന്ന സ്‌കൂളിലേക്കുതന്നെ സിദ്ദിഖ് മടങ്ങി. ആബേലച്ചനുണ്ടോ വിടുന്നു. അച്ചൻ പലരെയും വിട്ടു സിദ്ദിഖിനെ വിളിപ്പിച്ചു. പക്ഷേ, സിദ്ദിഖ് വാശിയിൽ തന്നെ. ഒടുവിൽ ആബേലച്ചൻ നേരിട്ടു വിളിച്ചു. ‘കലാഭവന്റെ പടിയിറങ്ങിയച്ചോ... ഒരു സ്‌നേഹക്കുറവുമില്ല. എന്നെ ദയവായി നിർബന്ധിക്കരുത്’ എന്നു സിദ്ദിഖ് തന്റെ പതിഞ്ഞശബ്‌ദത്തിൽ പറഞ്ഞു. ‘സിദ്ദിഖേ പോകണമെങ്കിൽ പൊയ്‌ക്കോ...ഒന്ന് ഇവിടെവരെ വന്നിട്ടു പോകാമല്ലോ’ എന്നായി അച്ചൻ. ഇനിയും അച്ചനോട് എതിരു പറയുന്നതെങ്ങനെയെന്നോർത്തു വൈകാതെ സിദ്ദിഖ് കലാഭവനിലെത്തി അച്ചനെ കണ്ടു. കണ്ട ഉടൻ ആബേലച്ചൻ പറഞ്ഞു: ‘സിദ്ദിഖേ നിന്നെ കലാഭവനിൽനിന്നു പുറത്താക്കിയിരിക്കുന്നു’. ഞാൻ സ്വയം നിർത്തിപ്പോന്നതല്ലേ?’ സിദ്ധിഖ് ചോദിച്ചു.
‘ നീ ഒന്നും പറയണ്ട. നിന്നെ കലാഭവനിൽനിന്നു പുറത്താക്കിയിരിക്കുന്നു. അതുപറയാനാണു വിളിപ്പിച്ചത്. കലാഭവൻ വലിയൊരു സ്‌ഥാപനമാണ്. അവിടെനിന്ന് ആരും അങ്ങനെ സ്വയംപോകണ്ട’.അതായിരുന്നു ആബേലച്ചന്റെ ഹ്യൂമർ സെൻസ്. അതുപിന്നെ ഒപ്പമുള്ളവർക്കു കിട്ടാതിരിക്കുമോ ? പ്രേക്ഷകര്‍ രണ്ടുകൈനീട്ടി സ്വീകരിച്ച സിനിമകള്‍ തന്നെ തെളിവ്.
വന്‍ ഹിറ്റായ കാബൂളിവാല സിനിമയെക്കുറിച്ച് അന്തരിച്ച നടൻ ഇന്നസെന്റ് പറഞ്ഞൊരു സംഭവമുണ്ട്. കാർ അപകടത്തിന് ശേഷം ഒരുദിവസം ജഗതി ശ്രീകുമാറിനെ കാണാൻ പോയതായിരുന്നു ഇന്നസെന്റ്. ജഗതിയെ കണ്ടപാടെ ഇന്നസെന്‍റ് പറഞ്ഞത് കാബൂളിവാലയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു, സിദ്ദിഖും ലാലും പുറത്തുനിൽക്കുന്നുണ്ടെന്നാണ്. അതൊരു കളവായിരുന്നു. തനിക്ക് കാൻസർ മൂർച്ഛിച്ചിരുന്ന സമയത്ത് ജഗതി തന്നോട് ഇതേ കാര്യം പറഞ്ഞെന്നും തനിക്ക് രോഗമുക്തി നേടാൻ മനോധൈര്യം നൽകിയതിൽ ഒന്ന് ഈ വാക്കുകളായിരുന്നു എന്നുമായിരുന്നു ഇതേക്കുറിച്ച് ഇന്നസെന്റിന്‍റെ വാക്കുകള്‍. ഇതേ തന്ത്രം തിരിച്ചു വച്ചാല്‍ പ്രിയസുഹൃത്ത് കിടക്കവിട്ട് എഴുനേറ്റാലോ എന്നായിരുന്നു ഇന്നസെന്‍റിന്‍റെ പരീക്ഷണം.
ലോകം സൗഹ്യദദിനം ആഘോഷമാക്കുന്ന ഒാഗസ്റ്റ് മാസത്തില്‍ തന്നെ സിദ്ധിഖിന്‍റെ ജനനവും മരണവും ആയെന്നത് യാദ്യശ്ചികം മാത്രം. സുഹൃത്തുക്കളെല്ലാം ഒാര്‍മകളില്‍ സ്നേഹച്ചിരിയോടെ മാത്രമോര്‍ക്കുന്ന പ്രിയ കൂട്ടുകാരന്‍. എല്ലാവരേയും ക്ഷമയോടെ കേള്‍ക്കുന്ന ആരുമായും പിണങ്ങാനാവാത്ത മനുഷ്യന്‍.അധികമാരും പറയാത്ത കഥകള്‍ പറഞ്ഞ് മലയാളിയുടെ മനസില്‍ അവരുടെ തന്നെ ജീവിതം തിരശീലയില്‍ കാണിച്ച് ചിരിയോടെ ഓര്‍ത്തുപോകാന്‍ ഒരുപാട് ഏടുകള്‍ സമ്മാനിച്ച കലാകാരന്‍. സ്നേഹവും എളിമയും നിറഞ്ഞ ചിരി എന്നും തന്നോട് ചേര്‍ത്തുവച്ച സിദ്ദിഖ് ജീവിതത്തില്‍ നിന്ന് എന്നന്നേക്കുമായി ഇടവേളയെടുത്തപ്പോള്‍ അത് ഉള്‍കൊള്ളാനാവാതെ പ്രിയപ്പെട്ടവര്‍ ഈ ഒന്നാമാണ്ടിലും നിന്നു പോകുന്നതും അതുകൊണ്ട് തന്നെ.