നടന്‍ ഷൈന്‍ ടോം ചാക്കോയുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെ പറ്റി ലൈവ് വിഡിയോയില്‍ തുറന്നുപറഞ്ഞ് മോഡലായ തനൂജ. വ്യക്തിപരമായ കാര്യങ്ങള്‍ അങ്ങനെ തന്നെ സൂക്ഷിക്കണമെന്നും ആരേയും വിശ്വസിക്കരുതെന്നും തനൂജ പറഞ്ഞു. ജീവിതത്തില്‍ തെറ്റ് പറ്റി പോയെന്നും ആരേയും ഇത്രയും സ്​നേഹിച്ചിട്ടില്ലെന്നും തനൂജ പറഞ്ഞു. തങ്ങള്‍ പരസ്​പരം ചതിച്ചിട്ടില്ലെന്നും അഡ്ജസ്​റ്റ് ചെയ്യാന്‍ പറ്റില്ലെങ്കില്‍ സ്വയം ഒഴിവാകണമെന്നും തനൂജ വിഡിയോയില്‍ പറഞ്ഞു. ഷൈൻ ടോം ടോപ്പിക് വരുമ്പോൾ എന്തുകൊണ്ട് ഒഴിവായിപ്പോകുന്നു എന്ന ചോദ്യത്തിനു മറുപടിയായിരുന്നു തനൂജയുടെ മറുപടി.

‘എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. ആ ടോപ്പിക്ക് ഞാൻ വിട്ടതാണ്. ആള് ആളുടെ വൈബിൽ നല്ല പോലെ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാൻ എന്റെ കാര്യങ്ങളും നോക്കി മുന്നോട്ടുപോകുന്നു. ചില കാര്യങ്ങൾ തുറന്നു പറയാൻ പറ്റില്ല. ഒരുപാട് ഞാൻ പ്രതീക്ഷിച്ചതാണ്. എന്നാൽ ഇപ്പോൾ ഇവർ ഒന്നും എന്നെ സമ്മതിക്കുന്നില്ല. എനിക്ക് അതു പല്ല് കുത്തി നാറ്റിക്കാൻ താൽപര്യമില്ല.

നമ്മൾ വിശ്വസിച്ചു കുറെ എണ്ണത്തെ കൂടെ കൂട്ടും. അവസാനം നമ്മളെ ഇട്ടിട്ട് പോകും. അങ്ങനെ രണ്ടെണ്ണം എന്റെ ഒപ്പമുണ്ടായിരുന്നു. രണ്ടുവർഷം കൂടെ കൂട്ടിയതാണ്. അവസാനം എനിക്ക് നല്ല പണി തന്നിട്ട് കടന്നുകളയും. ഒറ്റയ്ക്കു പോകുന്നതാണ് നല്ലത്. ആരും വേണ്ട. ഞാൻ എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറഞ്ഞു തരാം. നമ്മൾ നമ്മുടെ കാര്യങ്ങൾ പേഴ്സനലായതൊക്കെ അങ്ങനെ തന്നെ വയ്ക്കണം. നമ്മൾക്ക് സങ്കടം ആവുമ്പോൾ എല്ലാം പങ്കുവച്ചിട്ട് പിന്നീട് അവർ തെറ്റിക്കഴിയുമ്പോൾ അത് പബ്ലിക്കാക്കും. അങ്ങനെ നാറ്റിച്ച് കളയും. നമ്മൾ ആരെയും വിശ്വസിക്കരുത്. അത് ആരായാലും.

നമ്മൾക്ക് കുറേ വാഗ്ദാനങ്ങൾ തരും, നമ്മുടെ കൂടെക്കൂട്ടും. എന്നാൽ നമ്മൾ അതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത് എന്നേ എനിക്ക് പറയാൻ ഉള്ളൂ. എത്ര ക്ലോസായാലും ആരെയും വിശ്വസിച്ചുകൂടാ. നമ്മൾ നന്ദികേട് കാണിക്കരുത്. പറ്റിപ്പോയി. എന്റെ ജീവിതത്തിലും തെറ്റു പറ്റിപ്പോയി. ഞാൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല. രണ്ടുവർഷമാണ് സ്നേഹിച്ചത്. എന്നിട്ട് എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോൾ ഞാൻ ആണ് കുറ്റക്കാരി. നമ്മൾ ചെയ്യുന്നത് എല്ലാം തെറ്റ് അവർ ചെയ്യുന്നത് എല്ലാം നല്ലത്. നമ്മളെ ആരും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷേ അവർ പോയതിൽ ഒരുപാട് സങ്കടമുണ്ട്. ഞാൻ ഇപ്പോഴും ഒക്കെയായിട്ടില്ല. കാരണം നമ്മുടെ ഒപ്പം എപ്പോഴുമുണ്ടാകുമെന്ന് വിചാരിച്ചു. ഞാൻ എന്റെ കുടുംബത്തെ വിട്ടിട്ട് വന്നതാണ്. ഫോട്ടോ ഫ്രെയിം ചെയ്തത് ഒക്കെ എറിഞ്ഞു പൊട്ടിച്ചു. 

വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവയ്ക്കരുത്. വേണമെങ്കിൽ ഉമ്മമാരോട് പങ്കുവയ്ക്കാം. എനിക്കു എന്തൊക്കെയോ പച്ചക്ക് പറയാൻ ഉണ്ട്, പക്ഷേ ഒന്നും പറയാൻ ഇല്ല. എനിക്ക് എട്ടിന്റെ പണി ആണ് കിട്ടിയത്. നമുക്ക് ഒരുപാട് സങ്കടം ഉണ്ടാകും. പക്ഷേ ആരെയും വിശ്വസിക്കാൻ ആകില്ല. ആർക്കുവേണ്ടിയും കരയാൻ പാടില്ല. അവരെ കെട്ടിപ്പിടിച്ച് കരഞ്ഞ് കാര്യങ്ങൾ പറയാൻ പാടില്ല. പാമ്പുകൾ ആണവർ. നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട. അവർക്കെന്തും ചെയ്യാം നമുക്കൊന്നും ചെയ്തുകൂടാ എന്ന അവസ്ഥയാണ്. എനിക്ക് ഈ ലൈവിൽ വന്നിട്ട് പറയേണ്ട കാര്യമില്ല. പക്ഷേ അനുഭവം നിങ്ങളുമായി ഷെയർ ചെയ്യണമല്ലോ. ഇന്നലെ എനിക്കൊരു എട്ടിന്റെ പണികിട്ടി. കടുക്കൻ ഇട്ടവൻ പോയാൽ കമ്മലിട്ടവൻ വരും, ഇനി ആരും വേണ്ട. നമ്മൾ മാത്രം മതി. അയാൾ നല്ലൊരു മനുഷ്യനാണ്. ആള് എന്നെ ചതിച്ചിട്ടുമില്ല. ഞാൻ ആളെയും ചതിച്ചിട്ടില്ല. അഡ്ജസറ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ, നമ്മൾ സ്വയം അവിടെ നിന്നും ഒഴിവാകണം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ആളാണ് അദ്ദേഹം,’ തനൂജ പറഞ്ഞു. 

തനൂജയുടെ ലൈവ് വിഡിയോ വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു‌‌. തുടർന്ന് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി തനൂജ എത്തി. ഷൈന്‍ ടോമിനെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കെട്ടുകഥകൾ ഉണ്ടാക്കി അദ്ദേഹത്തിനൊരു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും തനൂജ പറഞ്ഞു. ‘എന്നെ ദയവുചെയ്ത് വെറുതെ വിടണം. എനിക്കു നല്ല ബുദ്ധിമുട്ട് ആകുന്നുണ്ട്. ഞാൻ അദ്ദേഹത്തെക്കുറിച്ച് ലൈവിൽ വന്നു പറഞ്ഞിട്ടില്ല. ഇന്ന് കേരളത്തിൽ ഇത്രയും പ്രശ്നം നടക്കുമ്പോൾ എന്റെ വ്യക്തിപരമായ പ്രശ്നം ആഘോഷിക്കുന്ന മാധ്യമങ്ങളോട് ലജ്ജ മാത്രം. ദയവുചെയ്ത് എന്നെ ടോർച്ചർ ചെയ്യരുത്. ഞാൻ ഇപ്പോഴും ഓക്കെ ആയിട്ടില്ല. അതിന് ഇടയിൽ ഇതും കൂടി എനിക്ക് താങ്ങാൻ പറ്റില്ല. എന്റെ അവസ്ഥ കൂടെ ഒന്ന് മനസ്സിലാക്കണം. എന്റെ വ്യക്തിപരമായ കാര്യങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ആഘോഷിക്കാൻ എനിക്കു താൽപര്യം ഇല്ല. ദയവുചെയ്ത് ഇങ്ങനത്തെ കെട്ടുകഥകൾ ഉണ്ടാക്കി അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത്,' തനൂജ പറഞ്ഞു. 

ENGLISH SUMMARY:

Model Thanuja opens up about her breake up with actor Shine Tom Chacko