TOPICS COVERED

ജയില്‍, തേന്‍, ഇരുഗപട്ര് തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയയായ യുവനടിയാണ് അപര്‍നദി. ഇപ്പോഴിതാ, നടിക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് സുരേഷ് കാമാക്ഷി രംഗത്തെത്തിയിരിക്കുകയാണ്. അപർനദി നായികയാകുന്ന ‘നരകപ്പോർ’ സിനിമയുടെ പ്രസ്മീറ്റില്‍ വച്ചാണ് സുരേഷ് കാമാക്ഷി ആരോപണവുമായി എത്തിയത്.

അപര്‍നദിയുടെ ഏറ്റവും പുതിയ സിനിമയാണ് നരകപ്പോര്‍. ഓഗസ്റ്റ് ഒമ്പതിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്പായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രസ് മീറ്റ് നടത്തിയിരുന്നു. എന്നാല്‍ പരിപാടിയില്‍ അപര്‍നദി പങ്കെടുത്തിരുന്നില്ല. പ്രമോഷന് വരാന്‍ താരത്തെ വിളിച്ചിരുന്നുവെന്നും എന്നാല്‍ പരിപാടിക്കു വരണമെങ്കില്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായും നിര്‍മാതാവ് വെളിപ്പെടുത്തി. 

വലിയൊരു തുക ആവശ്യപ്പെടുന്നതിനൊപ്പം പ്രസ്മീറ്റില്‍ തനിക്കൊപ്പം ആരാണ് ഇരിക്കണ്ടേതെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്നും താരം പറഞ്ഞതായും നിര്‍മാതാവ് ആരോപിച്ചു. ഇത്തരം പ്രവണത തമിഴ് സിനിമയില്‍ വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപര്‍നദി ഇങ്ങനെ പറഞ്ഞപ്പോള്‍ തന്നെ വിളിച്ചുവെന്നും സിനിമയുടെ അവസ്ഥ തന്നെ വളരെ മോശമാണ്. ഒരു സിനിമ എടുത്ത് അത് റിലീസ് വരെ എത്തിക്കുന്നത് വലിയ കഷ്ടപ്പാടുള്ള കാര്യമാണ്. അതിനിടെ നിങ്ങളെപ്പോലുള്ളവർ പ്രമോഷനും എത്തിയില്ലെങ്കിൽ അത് സിനിമയ്ക്കു ദോഷമായി ബാധിക്കുമെന്നും പറ‍ഞ്ഞെങ്കിലും ഇല്ല ഞാന്‍ വരില്ല എന്നു ഉറപ്പിച്ചു പറഞ്ഞതായും നിര്‍മാതാവ് കുറ്റപ്പെടുത്തി. 

പിന്നീട് രണ്ട് മൂന്ന് നിബന്ധനകൾ കൂടി താരം വച്ചു.സ്റ്റേജിൽ ആരുടെ കൂടെ ഇരിക്കണമെന്നത് അവർ തീരുമാനിക്കും, സ്റ്റേജിൽ ആരൊക്കെ ഉണ്ടാകും എന്നത് നേരത്തെ അറിയിക്കണം. തന്റെ തുല്യ സ്ഥാനമുള്ളവർ മാത്രമാകണം കൂടെ ഇരിക്കേണ്ടത് എന്നൊക്കെയായിരുന്നു നിബന്ധന. ഇത് കേട്ടതോടെ തനിക്ക് ഭയങ്കര ദേഷ്യം വന്നു.അതോടെ നടികർ സംഘത്തിൽ ഇവർക്കെതിരെ പരാതികൊടുത്തതായും സുരേഷ് കാമാഷി വെളിപ്പെടുത്തി.

രണ്ട് ദിവസം കഴിഞ്ഞ് അപർനദി തിരിച്ചുവിളിച്ചെന്നും ‘സർ െതറ്റുപറ്റിപ്പോയി, ആരെന്ന് അറിയാതെയാണ് അങ്ങനെ സംസാരിച്ചത്’ എന്നൊക്കെ പറഞ്ഞു. സാരമില്ല, സിനിമയെ പിന്തുണയ്ക്കു. അവരെ സഹായിക്കൂ എന്ന് ഞാൻ മറുപടി പറഞ്ഞു.പക്ഷേ അണിയറക്കാർ പിന്നീട് നടിയെ വിളിച്ചെങ്കിലും അവർ പരിധിക്കു പുറത്തായിരുന്നു. പരിധിക്കു പുറത്തു തന്നെ ഇരിക്കട്ടെ, തമിഴ് സിനിമയ്ക്കു ഇങ്ങനെയുള്ള നടിമാരെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Producer Suresh Kamakshi made serious allegations against the actress abarnathi