ആഡംബര നൗകയ്ക്ക് തന്‍റെ പേരിട്ടത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും അറിഞ്ഞപ്പോള്‍ അഭിമാനവും സന്തോഷവും തോന്നിയെന്നും നടന്‍ ആസിഫ് അലി.തന്‍റെ പേരു നല്‍കി എന്നു കേട്ടപ്പോള്‍ കുറച്ച് ഓവറായി പോയില്ലേ എന്നു തോന്നിയെന്നും ആസിഫ് പറഞ്ഞു. പുതിയ ചിത്രമായ ലെവല്‍ക്രോസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലായിരുന്നു നടന്‍റെ പ്രതികരണം.
‘ഞാനും അറിഞ്ഞു. എനിക്കും സന്തോഷമുളള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിനു താഴെ ഒരു കമന്‍റു കണ്ടു. എന്നാ പിന്നെ ഇവനെ ഒരു ചില്ലുകൂട്ടിലിട്ട് പുണ്യാളനായി പ്രഖ്യാപിക്കൂ എന്ന്. അതെല്ലാം ഇതിന്‍റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് പേരിടാന്‍ തോന്നി. അത് ഒരുപാട് സന്തോഷമാണ്. ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്', ആസിഫ് അലി പറഞ്ഞു.
ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് ആഡംബര നൗകയ്ക്ക് ആസിഫിന്‍റെ പേര് നല്‍കിയത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണ് കമ്പനി നൗകയ്ക്ക് ആസിഫിന്‍റെ പേരു നല്‍കിയത്. നൗകയില്‍ നടന്‍റെ പേര് ഇതിനോടകം തന്നെ പതിച്ചുകഴിഞ്ഞു. വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി.3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിന്‍റെ ഭാഗമായി നടന്ന പുരസ്കാര ദാന ചടങ്ങിലാണ് വിവാദങ്ങള്‍ക്കാസ്പദമായ സംഭവം നടന്നത്. രമേശ് നാരായണന് പുരസ്‌കാരം നല്‍കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് അലി പുരസ്‌കാരം നൽകാൻ എത്തിയപ്പോൾ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണൻ പിന്നീടാണ് താരത്തെ അപമാനിക്കും വിധംപെരുമാറിയത്.
സംഭവം വന്‍ വിവാദമായതോടെ നിരവധി പേര്‍ താരത്തിനെ അനുകൂലിച്ചും രമേശ് നാരായണനെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. പിന്നീട് വിവാദങ്ങള്‍ക്ക് വിരാമമിട്ട് രമേശ് നാരായണനെതിരായ വിദ്വേഷപ്രചാരണം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെ ആസിഫ് അലി തന്നെ രംഗത്ത് വന്നു. രമേശ് നാരായണന് മാനസിക പിരിമുറുക്കം മൂലം സംഭവിച്ച കാര്യമാണിതെന്നും അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കുന്നുവെന്നുമായിരുന്നു ആസിഫിന്‍റെ പ്രതികരണം.തന്‍റെ അവസ്ഥ മനസിലാക്കി പ്രതികരിച്ച ആസിഫിന് നന്ദിയെന്നായിരുന്നു രമേശ് നാരായണന്‍റെ മറുപടി.