നടി തമന്നയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച് വലിയതോതില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍. ‘ടീൻസ്’ എന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടെയാണ് പാര്‍ത്ഥിപന്‍റെ പരാമര്‍ശമുണ്ടായത്. കഥയൊന്നും ഇല്ലെങ്കിലും തന്‍റെ സിനിമയില്‍ തമന്നയുടെ ഒരു ഡാന്‍സ് ഉണ്ടായിരുന്നെങ്കില്‍ ഇതിലും നന്നായി ചിത്രം ഓടിയേനെ എന്നാണ് പാര്‍ഥിപന്‍ പറഞ്ഞത്. ജയിലര്‍, അരമനൈ 4 തുടങ്ങിയ സിനിമകളില്‍ തമന്നയുടെ ഡാന്‍സ് ഉണ്ടായിരുന്നു. ഈ രണ്ട് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ഇതാണ് പാര്‍ത്ഥിപന്‍ ഉദ്ദേശിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പലരും വിമര്‍ശിച്ചത്.
ഇതോടെ മാപ്പ് ചോദിച്ച് പാര്‍ത്ഥിപനും രംഗത്തെത്തി. തന്‍റെ അഭിപ്രായം തമന്നയെയോ മറ്റേതെങ്കിലും നടിയെയോ കുറച്ചുകാട്ടാനല്ലെന്നും, മറിച്ച് സമകാലിക സിനിമയിൽ കഥയുടെയും ആഖ്യാനത്തിന്‍റെ പ്രധാന്യം കുറയുന്നതിനെക്കുറിച്ചുള്ള തന്‍റെ ആശങ്കകൾ ഉയർത്തിക്കാട്ടാനാണ് ഇങ്ങനെയൊരു അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. തമന്നയെയോ അവരുടെ ആരാധകരെയോ തന്‍റെ വാക്കുകൾ എന്തെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പ് പ്രകടിപ്പിക്കുന്നുവെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.
തമിഴ് സിനിമകളില്‍ കഥയ്ക്ക് പ്രാധാന്യം കുറയുന്നു എന്ന അഭിപ്രായത്തോട് യോജിക്കാനാകും എന്നാല്‍ ഒരു വ്യക്തിയുടെ പേരെടുത്തിട്ട് ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ല എന്നാണ് പലരും വിമര്‍ശിക്കുന്നത്.