മികച്ച പ്രേക്ഷക സ്വീകാര്യത നേടി സൂപ്പര്‍ഹിറ്റായി മാറിയ ജിസ് ജോയ് ചിത്രം തലവന്റെ രണ്ടാം ഭാഗം വരുന്നു. സൂപ്പര്‍ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ അറുപത്തിയഞ്ചാം ദിന വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. തലവനിൽ ഒരു നിർണ്ണായക വേഷം ചെയ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് രണ്ടാം ഭാഗം വേദിയിൽ വെച്ച് പ്രഖ്യാപിച്ചത്.
മേയ് 24-ന് പുറത്തിറങ്ങിയ തലവന് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവരുടെ കയ്യടി ഈ ചിത്രം നേടിയെടുത്തു. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണിത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്.