chirag-paswan

TOPICS COVERED

സിനിമയില്‍ താനൊരു ദുരന്തമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുന്‍ സിനിമാ താരവും മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാന്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിരാഗ് പസ്വാന്‍റെ തുറന്ന് പറച്ചില്‍. തന്‍റെ കുടുംബത്തില്‍ നിന്ന് സിനിമയിലെത്തുന്ന ആദ്യത്തെ ആളായിരുന്നു താന്‍. എന്നാല്‍ താന്‍ സിനിമയ്ക്ക് പറ്റിയ ആളെല്ലെന്ന് നാട്ടുകാര്‍ക്ക് തോന്നുന്നതിനു മുന്‍പേ  തനിക്ക് സ്വയം തോന്നിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘അതൊരു വ്യത്യസ്തമായ സമയമായിരുന്നു. അത് ലളിതമായിരുന്നോ ബുദ്ധിമുട്ടായിരുന്നോ എന്ന് പറയാനാവില്ല. കുടുംബത്തിലാരും അന്നുവരെ ബോളിവുഡിൽ ഉണ്ടായിരുന്നില്ല. എന്റെ കുടുംബത്തിൽനിന്ന് ബോളിവുഡിലേക്ക് കടക്കാൻ ശ്രമിച്ച ആദ്യത്തെയാൾ ഞാനായിരുന്നു. പക്ഷേ വൈകാതെ തന്നെ ആ തീരുമാനം ഒരു ദുരന്തമായി തോന്നി. രാജ്യം മനസിലാക്കുന്നതിനും വളരെ മുൻപേ ഞാനൊരു ദുരന്തമായി എനിക്കുതോന്നി. സിനിമാ മേഖലയ്ക്കുവേണ്ടിയുള്ളയാളല്ല ഞാനെന്ന് എനിക്ക് മനസിലായി." ചിരാ​ഗ് തുറന്നുപറഞ്ഞു.

2011 ല്‍ പുറത്തിറങ്ങിയ ‘മിലേ നാ മിലേ ഹം’ എന്ന ചിത്രത്തിലൂടെയാണ് ചിരാഗ് പസ്വാന്‍ സിനിമയിലെത്തിയത്. കങ്കണ റണൗട്ട് ആയിരുന്നു ചിത്രത്തിലെ നായിക. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കവെ   ആകെ സംഭവിച്ച നല്ലകാര്യം കങ്കണ റണൗട്ടിനെ പോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയതാണെന്നും  ചിരാഗ് പറഞ്ഞു. പാർലമെന്റിൽ കങ്കണയെ കാണാൻ താൻ ശരിക്കും കാത്തിരിക്കുകയായിരുന്നു. കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ എന്റെ സ്വന്തം ജീവിതത്തിൽ വളരെ തിരക്കിലായിരുന്നതിനാൽ കങ്കണയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി

‘അച്ഛന്‍ രാം വിലാസ് പാസ്വാനെ കണ്ടാണ് താന്‍ വളര്‍ന്നത്. അച്ഛൻ വേദിയിൽനിന്ന് പ്രസം​ഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ സിനിമയിൽ എനിക്ക് എഴുതിവെച്ച സംഭാഷണം തരുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ വളരെ മനോഹരമായി സംസാരിക്കുന്ന അച്ഛനെ കണ്ടാണ് ഞാൻ വളർന്നത്. അതിനാൽ സംഭാഷണങ്ങൾ തത്സമയം ഇഷ്ടമുള്ള രീതിയിൽ മെച്ചപ്പെടുത്താനും അത് പറയാനും കഴിയുമെന്ന് ഞാൻ ഊഹിച്ചു. പക്ഷേ അത് തെറ്റായിരുന്നെന്ന് അധികം വൈകാതെ ഞാൻ മനസിലാക്കി. " ചിരാ​ഗ് കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Chirag Paswan revealed his bollywood debut as a disaster