ആസിഫ് അലി– രമേശ് നാരായണന്‍ വിവാദത്തില്‍ മാപ്പുപറഞ്ഞ് പരിപാടിയുടെ അവതാരക ജുവല്‍ മേരി. സംഘാടകര്‍ നല്‍കിയ ലിസ്റ്റില്‍ രമേശ് നാരായണന്‍റെ പേരില്ലായിരുന്നു. രമേശ് നാരായണന് കാലിന് സുഖമില്ലാത്തതിനാലാണ് വേദിയിലേക്ക് വിളിക്കാത്തത്. എന്നാല്‍ ആസിഫിനോടുള്ള പെരുമാറ്റം വിഷമിപ്പിച്ചു. ആസിഫ് ഉപഹാരം നല്‍കാന്‍ വന്നത് കണ്ടില്ലെന്ന് രമേശ് നാരായണന്‍ പറയുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താന്‍ പേര് തെറ്റിച്ചുവിളിച്ചതിലാണ് ദേഷ്യമെങ്കില്‍ അത് തന്നോട് പ്രകടിപ്പിക്കാമായിരുന്നുവെന്നും ജുവല്‍ മേരി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.
ജുവല്‍ മേരിയുടെ വാക്കുകള്‍
ഒരുപാട് നേരം ആലോചിച്ചതിന് ശേഷമാണ് ഞാന്‍ എന്താണ് കണ്ടെതെന്ന് പറയാന്‍ തീരുമാനിച്ചത്. മനോരഥങ്ങളുടെ അവതാരിക ഞാന്‍ ആയിരുന്നു. ഒരുപാട് ആളുകള്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ തന്നെ ആരൊക്കെ വരും വരില്ല എന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് കൃത്യത കുറവ് ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റില്‍ പലതും അപൂര്‍ണമായിരുന്നു. അതില്‍ പല പേരുകളും നീക്കം ചെയ്യുകയും പുതിയ പേരുകള്‍ ചേര്‍ക്കുകയുമൊക്കെ ചെയ്തിരുന്നു. ഇത് സ്വാഭാവികമാണ്. ഒരു മിനിറ്റ് വിഡിയോയില്‍ ഒരു പ്രോഗ്രാമില്‍ എന്താണ് നടന്നിട്ടുള്ളതെന്ന് മനസിലാവില്ല. ജയരാജ് സര്‍ സംവിധാനം ചെയ്ത സിനിമക്കാണ് രമേശ് സര്‍ സംഗീതം നല്‍കിയിരിക്കുന്നത്. എന്‍റെ കയ്യില്‍ സംഘാടകര്‍ ഒരു ലിസ്റ്റ് തന്നിരുന്നു. ആ ലിസ്റ്റില്‍ രമേശ് നാരായണന്‍ സാറിന്‍റെ പേരില്ലായിരുന്നു. അത് സംഘാടകരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ്. പക്ഷേ സ്റ്റേജില്‍ കയറിയ ആരും അത് ശ്രദ്ധിച്ചില്ല. അതിന് അവതാരക എന്ന നിലയില്‍ ഞാന്‍ മാപ്പു പറയുന്നു.
Image Credit; Facebook
പെട്ടന്നാണ് ഷോ ഡയറക്ടര്‍ എന്നോട് പറയുന്നത് ജയരാജ് സാറിന്‍റെ സിനിമയുടെ സംഗീത സംവിധായകനെ വിളിച്ചിട്ടില്ല, ആസിഫ് അലി അടുത്തിരിക്കുന്നുണ്ട്, ആസിഫിനെ കൊണ്ട് കൊടുപ്പിക്കു എന്ന് പറഞ്ഞ് എനിക്ക് അദ്ദേഹത്തെ കാണിച്ചു തരുന്നത്. പക്ഷേ എന്നോട് പേര് പറഞ്ഞില്ല. പെട്ടന്ന് അങ്ങനെ വിളിക്കു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തിന്‍റെ പേര് അറിയാമെങ്കിലും ഞാന്‍ പറയുന്നത് തെറ്റാണെന്ന് എനിക്ക് അറിയാമെങ്കിലും എന്നെ തിരുത്താന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ആ വീഡിയോ കണ്ടാല്‍ മനസിലാകും, പേര് പറഞ്ഞതിന് ശേഷം ഞാന്‍ ചോദിക്കുന്നുണ്ട് ശരിക്ക് എന്താ പേര്, പറഞ്ഞ് താ എന്ന്. അപ്പോള്‍ രമേശ് നാരായണന്‍ എന്ന് ആരോ വിളിച്ച് പറഞ്ഞു. അപ്പോള്‍ തന്നെ അത് മാറ്റി പറഞ്ഞു.
ഇവിടെ ഒരു ചോദ്യം വരുന്നുണ്ട്, എന്തുകൊണ്ടാണ് സ്റ്റേജില്‍ വെച്ച് മൊമന്‍റോ കൈമാറാതിരുന്നതെന്ന്, രമേശ് സര്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളായതുകൊണ്ട് സ്റ്റേജിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സംഘാടകര്‍ എന്നെ അറിയിച്ചിരുന്നു. ആസിഫ് അടുത്തിരുന്നതുകൊണ്ടും രമേശ് ജിയ്ക്ക് നടക്കാന്‍ കഴിയാത്തതുകൊണ്ടുമാണ് ആസിഫിനെ വിളിച്ചത്. അതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. ആസിഫ് മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ്. ആസിഫ് മൊമെന്‍റോ കൊടുക്കാന്‍ പോയ സമയത്ത് ഞാന്‍ അടുത്ത ലിസ്റ്റിലുള്ളവരുടെ പേരുകള്‍ നോക്കാന്‍ പോയതിനാല്‍ താഴെ എന്താണ് നടന്നതെന്ന് ഞാന്‍ കണ്ടിട്ടില്ല.
ആ വീഡിയോ കണ്ടിട്ട് എനിക്ക് ഒരുപാട് വിഷമമായി. എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്തിനായിരിക്കും അതെന്ന്. അദ്ദേഹം പറയുന്നു ആസിഫ് അത് കൊണ്ടുവന്നപ്പോള്‍ തരാനാണ് കൊണ്ടുവന്നതെന്ന് അറിഞ്ഞില്ല, തരാന്‍ അല്ലെങ്കില്‍ എന്തിനാണ് സര്‍ ആസിഫ് ആ മൊമന്‍റോ ചിരിച്ച മുഖത്തോടെ നിങ്ങള്‍ക്ക് നേരെ നീട്ടുന്നത്?. പേര് തെറ്റിച്ച് വിളിച്ചതിനാണ് ദേഷ്യമെങ്കില്‍ എന്നോട് ആകാമായിരുന്നല്ലോ എന്തിനായിരുന്നു ആസിഫിനോട്, എന്നെക്കുറിച്ച് പരാതിപ്പെടാമായിരുന്നല്ലോ.
അവതാരിക എന്ന നിലയില്‍ രണ്ടുപേരോടും ഞാന്‍ ക്ഷമ പറയുകയാണ്. ഞാന്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ആ സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള കഴിവ് എനിക്ക് വേണമായിരുന്നു. സംഘാടനം വളരെ മോശമായിരുന്നു അത് പറയാതിരിക്കാന്‍ പറ്റില്ല. ഒരു വലിപ്പ ചെറുപ്പവും ഞങ്ങളവിടെ കണ്ടിട്ടില്ല, അതുകൊണ്ടാണ് ആസിഫിനെകൊണ്ട് കൊടുപ്പിച്ചത്. ആസിഫിനോട് ഒരുപാട് സ്നേഹം. അങ്ങനെയൊരു വേദന നിങ്ങള്‍ അര്‍ഹിക്കുന്നല്ല. ഒരുപാട് പേരുടെ മുന്നില്‍ വെച്ച് അവഹേളിക്കപ്പെട്ടതില്‍ വിഷമമുണ്ട്.