ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ മാലിന്യം നിറഞ്ഞ മനസ്സാണ് രമേഷ് നാരായണന്‍റേതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. വകതിരിവ് വട്ടപ്പൂജ്യമായിട്ടുള്ള രമേശ് നാരായണൻ സിനിമയ്ക്ക് മാത്രമല്ല സാംസ്കാരിക ലോകത്തിനു തന്നെ അപമാനമാണെന്നും അഷ്റഫ് പറഞ്ഞു. ആസിഫ് അലിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സംഭവത്തിലാണ് സംവിധായകന്‍റെ പ്രതികരണം.
വിഡിയോ കണ്ടവരെ വിഡ്ഢികളാക്കിക്കൊണ്ട്, മാപ്പു പറച്ചിലിൽ പോലും മാന്യത പുലർത്താതെ പച്ചക്കള്ളം പറയുകയാണ്. അവഹേളിക്കപ്പെട്ട നിമിഷത്തിൽ ആദ്യമൊന്ന് അന്ധാളിച്ചു എങ്കിലും വളരെ പക്വതയോടെ, വിനയത്തിന്‍റെ ഒരു ചെറു പുഞ്ചിരിയോടെ ആ അല്പന് ആസിഫ് മറുപടി കൊടുത്തെന്നും സംവിധായകന്‍ തന്‍റെ ഫെയ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചില്‍ വച്ചാണ് നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണന്‍ അപമാനിച്ചത്. ആസിഫിന്‍റെ കയ്യില്‍ നിന്നും ഉപഹാരം വാങ്ങാന്‍ കൂട്ടാകാതെ സംവിധായകന്‍ ജയരാജിനെ വിളിച്ച് അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും പുരസ്കാരം വാങ്ങുകയായിരുന്നു രമേശ് നാരായണന്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ജയരാജിനെതിരെ വിമര്‍ശിച്ചും ആസിഫ് അലിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ആസിഫ് അലിയോട് രമേശ് നാരായണന്‍ മാപ്പ് പറഞ്ഞിരുന്നു. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ലെന്നും ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും രമേശ് നാരായണൻ പറഞ്ഞിരുന്നു.