രമേശ് നാരായണ്‍–ആസിഫ് അലി വിവാദത്തില്‍ രമേശ് നാരായണിനെ വിമര്‍ശിച്ച് നടന്‍ ശ്രീകാന്ത് മുരളി. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് ‘ജി’ യോടുണ്ടായിരുന്ന ബഹുമാനമാണെന്ന് ശ്രീകാന്ത് മുരളി പറഞ്ഞു. ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ ‘അല്‍പത്തം’ കാട്ടിയ രമേശ് നാരായണിനോട് സഹതാപം മാത്രമാണുള്ളതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റില്‍ ശ്രീകാന്ത് മുരളി പറഞ്ഞു.
'ഞാൻ ദൃക്സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് "ജി"യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്. "എം ടി" എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ ‘അല്‍പത്തം’ കാട്ടിയ രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം,' ശ്രീകാന്ത് കുറിച്ചു.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചില്‍ വച്ചാണ് നടൻ ആസിഫ് അലിയെ അപാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണന്‍ അപമാനിച്ചത്. ആസിഫിന്‍റെ കയ്യില്‍ നിന്നും മൊമെന്‍റോ വാങ്ങാന്‍ കൂട്ടാകാതെ സംവിധായകന്‍ ജയരാജിനെ വിളിച്ച് അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും പുരസ്കാരം വാങ്ങുകയായിരുന്നു രമേശ് നാരായണന്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ജയരാജിനെതിരെ വിമര്‍ശിച്ചും ആസിഫ് അലിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ആസിഫ് അലിയോട് രമേശ് നാരായണന്‍ മാപ്പ് പറഞ്ഞിരുന്നു. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ലെന്ന് രമേശ് പറഞ്ഞു. ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും രമേശ് നാരായണൻ പറഞ്ഞു.