Image Credit: Deepa Nayar / Facebook
പ്രിയം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടംനേടിയ താരമാണ് ദീപ നായര്‍. ഇപ്പോഴിതാ, കുടുംബത്തിനൊപ്പം 22ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു. ദീപ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മക്കളായ ശ്രദ്ധയ്ക്കും മാധവിക്കും ഭർത്താവ് രാജീവിനും ഒപ്പമുള്ള ചിത്രങ്ങളാണ് ദീപ പങ്കുവച്ചത്.
യുകെയില്‍ താമസിക്കുന്ന താരം യുകെയിലെ ഒരു ആഡംബര ഹോട്ടലിൽ വച്ചുതന്നെയാണ് വിവാഹ വാര്‍ഷികാഘോഷവും സംഘടിപ്പിച്ചത്. പോസ്റ്റ് വന്നതിനു പിന്നാലെ സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിന് കമന്‍റുമായെത്തുന്നത്. മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ പറയുന്നവരെയും കമന്‍റുകളില്‍ കാണാം.
സിനിമയില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരമാണ് ദീപ. തന്‍റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. 2000 ലാണ് പ്രിയം റിലീസ് ആകുന്നത്. പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് വിവാഹത്തോടെ താരം അഭിനയം നിര്‍ത്തി.