Image Credit: instagram.com/iamzahero/?hl=en
നടി സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും തമ്മിലുള്ള വിവാഹമാണ് ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച. വിവാഹത്തിന് പിന്നാലെ സൊനാക്ഷി ഇസ്ലാമിലേക്ക് മതം മാറുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ ഇക്ബാലിന്‍റെ കുടുംബം വിശദീകരണവുമായി എത്തി. സൊനാക്ഷിയുടെയും സഹീറിന്‍റെയും വിവാഹം ഹിന്ദു രീതിയിലോ, മുസ്ലിം രീതിയിലോ ആവില്ലെന്നും സിവില്‍ മാര്യേജ് ആയാകും നടത്തുകയെന്നും സഹീറിന്‍റെ പിതാവ് ഇക്ബാല്‍ രത്തന്‍സി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. 'സൊനാക്ഷിയെ ആരും മതം മാറ്റുന്നില്ല. ഇത് രണ്ട് ഹൃദയങ്ങള്‍ ഒന്നാകുന്ന ചടങ്ങാണ്. മതങ്ങള്‍ക്ക് അവിടെ ഒരു പ്രസക്തിയുമില്ല. ഞാന്‍ മാനവികതയിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്ലിംകള് അള്ളായെന്നും വിളിക്കുന്നു. ഇതിലെല്ലാമുപരിയായി നമ്മളെല്ലാം മനുഷ്യരാണ്. സൊനാക്ഷിക്കും സഹീറിനും എക്കാലവും എന്‍റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും'– ഇക്ബാല്‍ നിലപാട് വ്യക്തമാക്കി.
സൊനാക്ഷി വിവാഹിതയാകുന്ന വിവരം ശത്രുഘ്നന്‍ സിന്‍ഹയുടെ അടുത്ത സുഹൃത്തായ സാക്ഷി രഞ്ജനാണ് മാധ്യമങ്ങളോട് അറിയിച്ചത്. 'സൊനാക്ഷി അവള്‍ സ്നേഹിച്ച പുരുഷനുമായി വിവാഹിതയാകുകയാണ്. ശത്രുഘ്നന്‍ സിന്‍ഹയുടെ സഹോദരങ്ങളുള്‍പ്പടെ എല്ലാവരും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് വരുന്നുണ്ട്. സഹീറിന്‍റെ വസതിയില്‍ വച്ചാണ് റജിസ്റ്റര്‍ വിവാഹം നടക്കുക' എന്നായിരുന്നു സാക്ഷിയുടെ പ്രതികരണം.
സൊനാക്ഷിയുടെ വിവാഹത്തില്‍ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് താല്‍പര്യമില്ലെന്നും പങ്കെടുക്കില്ലെന്നുമുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളി. 'നിങ്ങള്‍ പറയൂ, ഇതാരുടെ ജീവിതമാണ്? എന്‍റെ ഒരേയൊരു മകള്‍ സൊനാക്ഷിയുടേതാണ്. എനിക്കേറെ പ്രിയപ്പെട്ടവളാണ് അവള്‍. അവളുടെ എല്ലാ കരുത്തും ഞാനാണെന്ന് അവള്‍ എപ്പോഴും പറയും. അച്ഛനെന്ന നിലയില്‍ അതില്‍ അനല്‍പ്പമായ ആഹ്ലാദവും അഭിമാനവും എനിക്കുണ്ട്. പിന്നെ എന്തു കാര്യത്തിലാണ് ഞാന്‍ എന്‍റെ മകളുടെ വിവാഹം ഒഴിവാക്കേണ്ടത്? ഉറപ്പായും എന്‍റെ മകളുടെ വിവാഹത്തില്‍ ഞാനല്ലാതെ മറ്റാരാണ് പങ്കെടുക്കുക' എന്ന് ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കി.ജൂണ്‍ 23നാണ് വിവാഹം.
2020 മുതല്‍ സൊനാക്ഷിയും സഹീറുമായി പ്രണയത്തിലാണ്. 2022 ല്‍ ഡബിള്‍ എക്സ് എല്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ജോഡി ബ്ലോക്ക് ബസ്റ്ററെന്ന മ്യൂസിക് വിഡിയോയും കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്ന് പുറത്തിറക്കി.