കൊലക്കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ സ്ഥിരം പ്രശ്നക്കാരനെന്ന് പൊലീസ്. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസിലാണ് നടന്‍ അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ 33കാരന്‍ രേണുകസ്വാമിയെ തലയ്ക്കടിച്ച് കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയയിലെ മലിനജല കനാലിൽ തള്ളിയെന്നാണു കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ എതിർത്തതാണു കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് പറയുന്നു.
നേരത്തേ ദര്‍ശനെതിരെ ഭാര്യ വിജയലക്ഷ്മി ഗാര്‍ഹിക പീഡനത്തിനും കൊലപാതക ശ്രമത്തിനും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ 2011 സെപ്റ്റംബര്‍ 9ന് കേസെടുത്തിട്ടുണ്ട്. ദമ്പതികള്‍ പിന്നീട് ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് കേസ് പിന്‍വലിച്ചത്. 2018ല്‍ ദര്‍ശനും സുഹൃത്തുക്കളുമോടിച്ച വാഹനം നോര്‍ത്ത് മൈസൂരുവിലെ തെരുവുവിളക്കിലിടിച്ച് പ്രശ്നമുണ്ടായിരുന്നു. മൈസൂരുവില്‍ തന്നെ ഹോട്ടലില്‍ വെയിറ്ററെ ആക്രമിച്ചതായും ദര്‍ശനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ കേസ് ഒത്തുതീർപ്പാക്കാനും നിയമനടപടി ഒഴിവാക്കാനും അന്‍പതിനായിരം രൂപ ദര്‍ശന്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വന്യജീവി നിയമം ലംഘിച്ചതും വനംവകുപ്പ് ഉദ്യോഗസ്ഥർ ദർശന്റെ ഫാംഹൗസ് റെയ്ഡ് ചെയ്തതും പക്ഷികളെ രക്ഷിച്ചതും മുന്‍പ് വാര്‍ത്തയായിട്ടുണ്ട്. കൂടാതെ നടന്റെ
ജീവനക്കാരനു നേരേ നായ്ക്കളെ അഴിച്ചുവിട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ദര്‍ശന്റെ സുഹൃത്തുക്കള്‍ക്കെതിരെ ഉയര്‍ന്ന ഈ പരാതിയില്‍ ദര്‍ശനു പങ്കില്ലെന്നും പറയപ്പെടുന്നു. ഈ വര്‍ഷം പാതിരാപാര്‍ട്ടിയുടെ പേരിലും ആരോപണമുയര്‍ന്നിരുന്നു. ബാറിൽ അനുവദനീയമായ സമയം കഴിഞ്ഞും പാർട്ടി നടത്തിയെന്നാരോപിച്ച് ദർശനെയും മറ്റ് ഏഴു പേരെയും സുബ്രഹ്മണ്യനഗർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരു സ്ഥിരം പ്രശ്നക്കാരനാണ് നടന്‍ ദര്‍ശനെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.