തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് അദ്ദേഹം നല്ല മനുഷ്യനും നേതാവും ആയതുകൊണ്ടാണെന്ന് രമേഷ് പിഷാരടി. ഒരു പാർട്ടിയിൽ നിൽക്കുന്ന എല്ലാവരും ആ പാർട്ടിയുടെ ആശയധാരയുമായി പൂർണമായും ചേർന്നു പോകുന്നവരാണെന്നു വിചാരിക്കേണ്ട ആവശ്യമില്ലെന്നു കേരളത്തിൽ ബിജെപി നേടിയ വിജയം സാമാന്യവൽക്കരിക്കുന്നത് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്. പാർട്ടി പറയുന്ന ആശയധാരകൾ അതിലുള്ള എല്ലാ വ്യക്തികളും കൊണ്ടു നടക്കുന്നില്ല. കമ്യൂണിസ്റ്റിന്റെ ആശയധാര എല്ലാ കമ്യൂണിസ്റ്റുകളും നോക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് കമ്യൂണിസ്റ്റുകാരൻ അമ്പലത്തിൽ പോകുന്നത് പിഷാരടി പറയുന്നു.
പിഷാരടിയുടെ വാക്കുകള്‍
‘സുരേഷേട്ടൻ ജയിച്ച സമയത്ത് ഒരുപാട് സ്ഥലങ്ങളിൽ ഞാൻ കണ്ടു, 'നമുക്ക് രാഷ്ട്രീയമല്ല അയാളിലെ വ്യക്തിയെ കണ്ടാണ് വോട്ടു ചെയ്തത്'. അപ്പോൾ പറയും വ്യക്തിയാണെങ്കിൽ, ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടി ഏതാണെന്ന് നോക്കൂ എന്ന്. ആ പറയുന്നത് വലിയൊരു പ്രശ്നമുള്ള സ്റ്റേറ്റ്മെന്റ് ആണ്. എന്തുകൊണ്ടാണ് ഇസ്‍ലാം മതവിശ്വാസികൾക്ക് എല്ലാ ഇസ്‍ലാം വിശ്വാസികളും തീവ്രവാദികൾ അല്ല എന്നു പറയേണ്ടി വരുന്നത്. എന്തുകൊണ്ടാണ് എല്ലാ ഹിന്ദു വിശ്വാസികൾക്കും സംഘി അല്ല എന്നു പറയേണ്ടി വരുന്നത് ’