nimisha-gokul

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നിമിഷ സജയനെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. നടി അന്ന് പറഞ്ഞതിലും ഇന്ന് അവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വിഷമം മാത്രമേ ഉള്ളൂവെന്നും ഗോകുല്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളോടായിരുന്നു ഗോകുലിന്‍റെ പ്രതികരണം.തന്‍റെ മുതിര്‍ന്ന ഒരു സഹപ്രവര്‍ത്തകനെതിരെയാണ് ഈ പ്രസ്താവനയെന്ന അന്ന ആ നടി മനസിലാക്കി കാണില്ലെന്നും ഗോകുല്‍ പറയുന്നു.

നിമിഷയുടെ പേര് പ്രതിപാദിക്കാതെയായിരുന്നു ഗോകുലിന്‍റെ മറുപടി.‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. അന്നത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല. ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.’ എന്നായിരുന്നു ഗോകുലിന്‍റെ വാക്കുകള്‍.

അതേ സമയം സുരേഷ് ഗോപിക്കെതിരെ വരുന്ന ട്രോളുകളെപ്പറ്റിയും താരം സംസാരിച്ചു. ഈ തിരഞ്ഞെടുപ്പില്‍ തോറ്റിരുന്നെങ്കിലും വിഷമമാകില്ലായിരുന്നെന്നും അപ്പോള്‍ ജയിച്ചപ്പോള്‍ വിഷമിക്കണോയെന്നും ഗോകുല്‍ ചോദിച്ചു. തന്‍റെ അച്ഛനെ ഏറ്റവും കൂടുതല്‍ കരിവാരിത്തേക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങളാണെന്നും, എന്തെങ്കിലും അബദ്ധം പറ്റുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുതെന്നും ഗോകുല്‍ കൂട്ടുച്ചേര്‍ത്തു.അതുപോലെ കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും നല്ലതെന്നും താരം പറഞ്ഞു.

‘ക്യാമറ പിടിച്ച് ഇപ്പോൾ മുന്നിൽ നിൽക്കുന്നവർ തന്നെയാണ് നെഗറ്റിവ് കണ്ടന്റുകളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ചാനൽ കണ്ടന്റ് ഇടുന്നു, അതിൽ നിന്നും പല ഭാഗങ്ങളെടുത്ത് വിവിധ വിഡിയോകളാക്കി മറ്റ് ചാനലുകാർ പോസ്റ്റ് ചെയ്യുന്നു. എന്നിട്ട് സുരേഷ് ഗോപിയെ ചവിട്ടി കീറും, വലിച്ചുകീറും, ചീത്ത വിളിപ്പിക്കും, അതിനായി ഉതകുന്ന തലക്കെട്ടും നൽകിയിട്ടുണ്ടാകും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമ്പോൾ അതിന്റെ ഒറിജിനൽ കണ്ടന്റ് നൽകിയവർ മുന്നോട്ട് വരികയോ, സുരേഷ് ഗോപി പറഞ്ഞ കാര്യമെന്താണെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല. ഇത്തരത്തിലുള്ള നട്ടെല്ലില്ലായ്മ പല മാധ്യമങ്ങൾക്കും ഉണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട്. ഇതിലൂടെ സഞ്ചരിക്കുക എന്നുള്ളത് മാത്രമാണ് പോംവഴിയെന്നറിയാം.’ഗോകുൽ പയുന്നു.

ENGLISH SUMMARY:

Gokul Suresh Reacts to Social Media Attacks on Nimisha Sajayan.