little-hearts-cinema-ban-in-gcc

ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാനവേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്സ് ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്.  നിർമാതാവായ സാന്ദ്ര തോമസ് തന്നെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച നിഗൂഢത പുറത്തുവരാനുണ്ടെന്നും സാന്ദ്ര തോമസിന്റെ കുറിപ്പിൽ പറയുന്നു.  ആ കുറിപ്പ് ഇങ്ങനെ,

ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത സിനിമയാണ് 'ലിറ്റിൽ ഹാർട്ട്സ്..!! എന്നാൽ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ 'ലിറ്റിൽ ഹാർട്ട്സ്' ജിസിസി രാജ്യങ്ങളിൽ പ്രദർശനമുണ്ടാകുകയില്ല..!! ഗവൺമെന്റ് പ്രദർശനം വിലക്കിയിരിക്കുന്നു...! ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്.. പ്രവാസി സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു..! നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല ഒന്നുറപ്പിച്ചോളൂ..ഒരു നിഗൂഢത പുറത്ത് വരാനുണ്ട്..

കാത്തിരിക്കൂ.. ക്ഷമിക്കൂ..!! നാളെ (7.6.2024) നിങ്ങൾ തിയേറ്ററിൽ വരിക ..!ചിത്രം കാണുക..!! മറ്റുള്ളവരോട് കാണാൻ പറയുക എല്ലായ്പോഴും കൂടെയുണ്ടായ പോലെ ഇനിയും എന്നോടൊപ്പമുാവണം.. നന്ദി.

ചിത്രത്തിന്റെ പ്രചാരണാർഥം കഴിഞ്ഞ ആഴ്ച സാന്ദ്ര തോമസും അഭിനേതാക്കളായ ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും ദുബായിൽ എത്തിയിരുന്നു.  ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ എൽജിബിടിക്യു വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിലേക്ക് നയിച്ചതെന്നാണ് സൂചന. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാബു രാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, എയ്മ റോസ്മി, മാലാ പാർവതി തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. മറ്റിടങ്ങളിൽ ചിത്രം നാളെ തീയറ്ററുകളിലെത്തും.