സംഗീതജ്ഞൻ ഇസൈജ്ഞാനി ഇളയരാജയ്ക്ക് ഇന്ന് 81 വയസ്സ്. പിറന്നാൾ ദിവസം ഇന്നാണെങ്കിലും, ഇന്നലെ ജൂൺ രണ്ടാം തീയതിയാണ് ഇളയരാജ ജന്മദിനം ആഘോഷിച്ചത്. കലൈഞ്ജർ കരുണാനിധിയോടുള്ള ആദരസൂചികമായാണ് ജന്മദിനം മാറ്റിയത്. എന്നാൽ 48 വർഷം പിന്നിടുന്ന സംഗീത യാത്രയിൽ പകർപ്പ് അവകാശത്തെ ചൊല്ലിയുള്ള നിയമ പോരാട്ടത്തിലൂടെയാണ് ഇളയരാജയുടെ ഈ പിറന്നാൾ കടന്നുപോകുന്നത്.
1943 ജൂൺ മൂന്നിന് തേനിയിൽ ജനിച്ച ആർ. ജ്ഞാനതെസികൻ എന്ന ഇളയരാജ. ഇസൈജ്ഞാനി, മൈസ്ട്രോ എന്നിങ്ങനെ വാഴ്ത്തു പേരുകൾ. 48 വർഷം പിന്നിടുന്ന സംഗീത യാത്രയിൽ പിറന്നത് ഏഴായിരത്തിനു മുകളിൽ ഗാനങ്ങൾ, ഇരുപതിനായിരത്തിനും മുകളിൽ സംഗീത നിശകൾ. മൂന്ന് ദേശീയ പുരസ്കാരങ്ങൾ പത്മഭൂഷൻ, പത്മവിഭൂഷൺ, സംഗീത നാടക അക്കാദമി അവാർഡുകളുടെ ഉടമ. ഇങ്ങനെ അടയാളപ്പെടുത്താം ഇളയരാജയെ. ഇസൈജ്ഞാനി എന്ന പേരാണ് ജന്മദിനാഘോഷം ജൂൺ രണ്ടിലേക്ക് മാറ്റാൻ കാരണം. മുൻ മുഖ്യമന്ത്രി കരുണാനിധിയാണ് ഇളയരാജയ്ക്ക് പേര് സമ്മാനിച്ചത്. ജൂൺ 3നാണ് കലൈഞ്ജരുടെയും ജന്മദിനവും. തനിക്ക് പേര് സമ്മാനിച്ച കരുണാനിധിയുള്ള ആദരസൂചികമായാണ് ആഘോഷം ജൂൺ രണ്ടിലേക്ക് മാറ്റിയത്.
എന്നാൽ അടുത്ത കാലത്ത് ഇളയരാജയുടെ പല നിലപാടുകളും വിവാദത്തിലാണ് കലാശിക്കുന്നത്. 2017ൽ എസ്.പി ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര എന്നിവർക്ക് വക്കീൽനോട്ടീസ് അയച്ചാണ് പകർപ്പവകാശ പോരാട്ടം ആരംഭിച്ചത്. പണം വാങ്ങിയാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും, ഉടമസ്ഥത തനിക്കെന്നാണ് വാദം. ഒടുവിൽ മഞ്ഞുമ്മൽ ബോയ്സിലും ഇളയരാജ ഇടഞ്ഞു. നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇളയരാജയ്ക്ക് അനുകൂലമായി വിധി വരികയാണെങ്കിൽ പകർപ്പ് അവകാശ നിയമങ്ങളിൽ വൻ വഴിത്തിരിവാകും. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിൻറെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നവർക്ക് ഗാനങ്ങളെ ഒരിക്കലും ചോദ്യം ചെയ്യാനാകില്ല. കാരണം ദക്ഷിണേന്ത്യൻ സംഗീതത്തിൽ കാലങ്ങളോളം സ്മരിക്കുന്ന ഹൃദയസ്പർശിയായ ഒരിക്കലും പകരം വെക്കാനില്ലാത്ത നിരവധി ഗാനങ്ങളാണ് ഈ സംഗീതജ്ഞൻ സമ്മാനിച്ചത്. ഇനിയും കാതങ്ങൾ താണ്ടട്ടെ ഇസൈജ്ഞാനിയുടെ സംഗീത യാത്ര.