Image Credit: Facebook/ Instagram
രാജ്യത്തെ ഭരണവ്യവസ്ഥയെ കുറിച്ചും തന്‍റെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെ കുറിച്ചും തുറന്നടിച്ച് കമല്‍ഹാസന്‍. ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരുപാടിക്കിടെയാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷ് ആശയമാണെന്നും നമ്മുടെ രാജ്യം എന്തുകൊണ്ട് ഒരു തമിഴന്‍ രാജ്യം ഭരിച്ചുകൂടാ എന്നും കമല്‍ഹാസന്‍ ചോദിച്ചു. താരത്തിന്‍റെ ഈ വാക്കുകള്‍ സോഷ്യലിടത്ത് ശ്രദ്ധനേടുകയാണ്.
'ഞാൻ ഒരു തമിഴനാണ്, ഒരു ഇന്ത്യനുമാണ്. അതാണ് എന്റെ വ്യക്തിത്വം, നിങ്ങളുടെയും. അതാണ് ഇന്ത്യൻ സീക്വലിന്റെ ഉള്ളടക്കം തന്നെ. വിഭജിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷ് ആശയമാണ്. ബ്രിട്ടീഷുകാർ തിരികെ പോകുമ്പോൾ ചെന്നു കയറാൻ ഒരു വീടുണ്ടായിരുന്നു. ഇന്ന് അത് ചെയ്യാൻ ശ്രമിക്കുന്നവർ എവിടെ പോകുമെന്ന കാര്യത്തില്‍ ഞാന്‍ അല്‍ഭുതപ്പെടുന്നു. "യാതും ഊരേ, യാവരും കേളിർ" എന്ന (കണിയൻ പുങ്കുന്ദ്രനാരുടെ പ്രസിദ്ധമായ വാക്യം) എല്ലാ നഗരവും നിങ്ങളുടെ നഗരമാണ്. എല്ലാവരും നിങ്ങളുടെ ബന്ധുക്കളാണ്. നമ്മുടെ സംസ്ഥാനത്ത് വന്നവർക്ക് ജീവൻ നൽകുന്നതിലാണ് നമ്മൾ അറിയപ്പെടുന്നത്. പിന്നെ എന്തുകൊണ്ട് ഒരു തമിഴന്‍ ഭരിക്കുന്ന ദിവസം വന്നുകൂടാ? ഇതെന്‍റെ രാജ്യമാണ്, അതിനുളളിലെ ഐക്യം നമ്മള്‍ സംരക്ഷിക്കണം' എന്നാണ് കമല്‍ ഹാസന്‍ വേദിയില്‍ പറഞ്ഞത്.
കമല്‍ഹാസന്‍റെ വാക്കുകളെ പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. അതേസമയം ബ്രഹ്മാണ്ഡ ചടങ്ങാണ് ഇന്ത്യന്‍ 2 ന്‍റെ പ്രമോഷന്‍റെ ഭാഗമായി സംഘടിപ്പിച്ചത്. ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ ശങ്കര്‍, കാജല്‍ അഗര്‍വാള്‍, അനിരുദ്ധ് അടക്കമുളള പ്രമുഖര്‍ പങ്കെടുത്തു. 1996 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.