തെന്നിന്ത്യയുടെ സംഗീത ചക്രവര്‍ത്തിക്കും ഹിറ്റ് മേക്കറിനും പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. തനിക്ക് ഇന്ന് ഇരട്ട സന്തോഷമാണുളളതെന്നും തന്‍റെ മൂത്ത സഹോദരനും ഇളയ സഹോദരനും ഒരേ ദിവസത്തില്‍ പിറന്നാള്‍ ആശംസകള്‍ നേരാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനാണെന്നും കമല്‍ഹാസന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. എക്സിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അതേസമയം 81ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇളയരാജയ്ക്കും 68ാം പിറന്നാള്‍ ആഘോഷിക്കുന്ന മണിരത്നത്തിനും ആശംസകള്‍ നേരുകയാണ് സോഷ്യല്‍ ലോകം. 

കമല്‍ഹാസന്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഇരട്ട സന്തോഷം എന്നത് തമിഴിലെ ഒരു വിചിത്രമായ വാചകമാണ്. സന്തോഷം അളക്കാന്‍ സാധിക്കുമോ? പക്ഷേ ഇന്നത്തെ ദിവസം എന്നെ സംബന്ധിച്ചെടുത്തോളം അതിനൊരു ഉദാഹരണമാണ്. മൂന്ന് സഹോദരന്മാരില്‍ ജ്യേഷ്ഠന്‍റെയും അനുജന്‍റെയും ജന്മദിനം എന്ന സന്തോഷകരമായ നിമിഷത്തിലാണ് ഞാൻ. എന്‍റെ പ്രിയ സഹോദരന്‍ ഇളയരാജ സംഗീതം കൊണ്ട് കഥ പറയുമ്പോൾ വെള്ളിത്തിരയിൽ എഴുത്തിനെ ചാരുതയോടെ പകർത്തുകയാണ് പ്രിയ അനുജൻ മണിരത്‌നം. ഇരുവര്‍ക്കും ജന്മദിനാശംസകള്‍. നമ്മുടെ മൂവരുടെയും ആ പാരമ്പര്യം എന്നും നിലനില്‍ക്കട്ടെ. 

കമല്‍ഹാസന്‍ പങ്കുവച്ച കുറിപ്പിന് താഴെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങള്‍ക്ക് പിറന്നാള്‍ ആശംസ നേരുകയാണ് ആരാധകര്‍. ഇളയരാജയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ബയോപിക് ആയി ഇറങ്ങുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ നടന്‍ ധനുഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ചിത്രത്തില്‍ ഇളയരാജയായി വേഷമിടുന്നത് ധനുഷ് ആണ്. അതേസമയം ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇളയരാജ. മകളും ​ഗായികയുമായ ഭവതാരിണിയുടെ വിയോഗത്തിന്‍റെ വേദനയിലാണ് അദ്ദേഹം. മകളുടെ വിയോഗത്തിൽ നിന്ന് കരകയറാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും അതിനാൽ ഈ പിറന്നാൾ തനിക്ക് സന്തോഷം നൽകുന്നില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. 

ENGLISH SUMMARY:

Kamal Haasan shares birthday wishes for Mani Ratnam, composer Ilaiyaraaja