സിനിമയെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞ് നടിയും മോഡലുമായ ദിവ്യ പിള്ള. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതയായെന്നും എന്നാല്‍ വൈകാതെ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു എന്നുമാണ് താരത്തിന്‍റെ വാക്കുകള്‍. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒരു തെലുങ്കു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
ഇറാഖി വംശജനായ ഒരു ബ്രിട്ടീഷ് പൗരനുമായി 12 വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. മാതാപിതാക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വളരെ ലളിതമായി നടത്തിയ ചടങ്ങായിരുന്നു. ക്ഷേത്രത്തില്‍ വച്ചു നടന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രണ്ടുപേരും രണ്ടുരാജ്യത്തെ പൗരന്മാരായതിനാല്‍ ചില നിയമതടസങ്ങള്‍ നിലനിന്നിരുന്നു. അവ പരിഹരിക്കും മുന്‍പ് നിര്‍ഭാഗ്യവശാല്‍ വേര്‍പിരിയേണ്ടി വന്നു. രജിസറ്റര്‍ ചെയ്യാത്തതിനാല്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടായില്ല. താരം പറയുന്നു.
താന്‍ ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങളും അദ്ദേഹം ആഗ്രഹിച്ച കാര്യങ്ങളും ഒത്തുപോകില്ലെന്ന് മനസിലാക്കിയപ്പോഴാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും ദിവ്യ പറയുന്നു. ‘വിവാഹതിയാണോ എന്ന ചോദ്യത്തിന് പലപ്പോഴും എന്ത് ഉത്തരം പറയണം എന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് അവസാനിച്ചത്’. ഇപ്പോള്‍ ഡേറ്റിങിലാണെന്ന് പറഞ്ഞ താരം സമയമാകുമ്പോള്‍ ആ വ്യക്തി ആരെന്ന് വെളിപ്പെടുത്താം എന്നും പറയുന്നുണ്ട്.