പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കേട്ട സിനിമാ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഒറ്റക്കൊമ്പൻ. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നൂറ് താരങ്ങള്‍ ചേര്‍ന്നായിരുന്നു ഒറ്റക്കൊമ്പന്‍ ടൈറ്റില്‍ പ്രഖ്യാപിച്ചത്. സുരേഷ് ഗോപിയുടെ മാസ് ലുക്ക് തന്നെയായിരുന്നു പ്രധാന ആകർഷണം. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. 2020ൽ ആണ് 'ഒറ്റക്കൊമ്പൻ' എന്ന ചിത്രം വരുന്നുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നു. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളടക്കം ഹർജിക്കാർ സമർപ്പിച്ചിരുന്നു. പിന്നാലെ ഒറ്റക്കൊമ്പന് സ്റ്റേയും വന്നു. വിലക്ക് നീക്കണമെന്ന് പലയാവർത്തി ഹർജി സമർപ്പിക്കുകയും അവ തള്ളുകയും ചെയ്തിരുന്നു. ഷാജി കൈലാസ് ആയിരുന്നു കടുവയുടെ സംവിധാനം. ഇതും സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാൻ കാരണമായിരുന്നു.
എന്നാൽ ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഒറ്റക്കൊമ്പന്റെ വരവ് ചർച്ചയാവുകയാണ്. സുരേഷ് ഗോപിയുടെ പുതിയ ചിത്രമാണ് ഒറ്റക്കൊമ്പൻ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയിരിക്കുന്നത്. നരച്ച താടിയും മീശയുമായി ഒറ്റക്കൊമ്പൻ ലുക്കിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതേ ലുക്കിലുള്ള ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു.
ചിത്രത്തെ പറ്റി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം മനോരമ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ ; ചിത്രത്തെ പറ്റി ഔദ്യോഗികമായി ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല, പടത്തിന്‍റെ എഴുത്ത് നടക്കുന്നു, അത് തീര്‍ന്നിട്ടില്ല, കുറെ മാറ്റങ്ങള്‍ വരുത്തി എഴുതികൊണ്ടിരിക്കുകയാണ്. പടം എന്തായാലും ഉണ്ട്. ഔദ്യോഗികമായി ഒന്നും ഇപ്പോള്‍ പറയാറായിട്ടില്ല.
മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിർവഹിക്കുന്ന ചിത്രത്തിൽബിജു മേനോനും ഭാഗമാകും. ഷാജി കുമാര്‍ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ്. എന്തായാലും പുതിയ ലുക്ക് സുരേഷ് ഗോപി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.