TOPICS COVERED

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ടര്‍ബോ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഇപ്പോഴിതാ, ചിത്രം അന്‍പതുകോടി ക്ലബില്‍ ഇടംനേടിയെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന കുറിപ്പോടെയാണ് പോസ്റ്റ്.

റിലീസ് ചെയ്ത നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ടർബോ നേടിയിരിക്കുന്നത്. ഇതോടെ മലയാളത്തിലെ അതിവേഗ അമ്പതുകോടി നേടുന്ന ചിത്രമായി ടര്‍ബോ മാറി. അമ്പതുകോടി ക്ലബിൽ ഇടംപിടിക്കുന്ന ആദ്യ ചിത്രം ഭ്രമയുഗമായിരുന്നു. 

ഈ മാസം 23-നാണ് മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത ടർബോ തിയേറ്ററുകളിലെത്തിയത്. വന്‍ പ്രേക്ഷക സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്. വമ്പൻ ചെയ്സ് രംഗങ്ങളും ആക്ഷൻ സീനുകളുമാണ് ചിത്രത്തിന്റെ പ്രത്യേകത. 17.3 കോടിയാണ് ചിത്രത്തിന്റെ ആദ്യദിവസത്തെ ആഗോള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ നേടി. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ താരം രാജ് ബി ഷെട്ടി തെലുങ്ക് നടൻ സുനില്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ' എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ENGLISH SUMMARY:

Mammootty Film 'Turbo' entered the fifty crore club