കടപ്പാട്; ഇന്‍സ്റ്റഗ്രാം
നടി മീര വാസുദേവ് വിവാഹിതയായി. കാമറാമാന്‍ വിപിന്‍ പുതിയങ്കം ആണ് വരന്‍. കൊളാഷ് വിഡിയോ പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീര തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിന്‍. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് വിപിനെന്നും മീര അറിയിച്ചു. 2019 മുതൽ ഒരേ പ്രൊജക്ടിൽ ഒന്നിച്ചു പ്രവർത്തിക്കുകയാണ് വിപിനും മീരയും. ഏപ്രിലില്‍ കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. മീരയുടെ മകന്റെ സാന്നിദ്ധ്യത്തിലായിരുന്നു താലികെട്ട് ചടങ്ങു നടന്നത് .
ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മീരയുടെ മൂന്നാം വിവാഹമാണിത്. വിശാല്‍ അഗർവാളുമായുള്ള ആദ്യവിവാഹം 2005ലായിരുന്നു. 2010ൽ വിവാഹമോചിതയായ ശേഷമാണ് നടന്‍ ജോണ്‍ കൊക്കനുമായുള്ള വിവാഹം നടന്നത്. ഇതിൽ ഇവർക്ക് ഒരു മകനുണ്ട്. 2016ൽ ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിനു ശേഷം ജോണും മറ്റൊരു വിവാഹം ചെയ്തിരുന്നു.
‘തന്മാത്ര’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാള സിനിമയ്ക്ക് പരിചിതയായത്. മീരയുടെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു മോഹൻലാലിന്റെ നായികയായി, മധ്യവയസ്കയുടെ വേഷത്തില്‍ മീര തിളങ്ങിയത്. നേരത്തേ മോഡലിംഗ് രംഗത്തും മീര സജീവമായിരുന്നു. ഒരു എഴുത്തുകാരി എന്ന നിലയിലും തിളങ്ങിയ മീര പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ഏറെക്കാലം കോളമിസ്റ്റായും പ്രവർത്തിച്ചിരുന്നു