kani-divya-cannes

കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികളുടെ അഭിമാനമായി മാറി കനി കുസൃതിയും ദിവ്യ പ്രഭയും യുവതാരം ഹ്രിദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധുവും വേദിയിൽ എത്തിയത്.

30 വർഷത്തിനുശേഷം കാൻ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയെന്ന പ്രത്യേകത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'നുണ്ട്. 'പാം ദിയോർ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിൽ കനിക്കൊപ്പം ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തുന്നു.

പായൽ കപാഡിയ സംവിധാനം ചെയ്യുന്ന 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ മുബൈയിലെത്തുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് പറയുന്നത്. ഈ കഥാപാത്രങ്ങളെയാണ് കനി കുസൃതിയും ദിവ്യ പ്രഭയും അവതരിപ്പിക്കുന്നത്.

ഇരുവരെയും അഭിനന്ദിച്ച് നിരവധി സിനിമ പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെയെന്ന് ശീതള്‍ ശ്യാമും എത്ര സുന്ദരമായ കാഴ്ച്ചയെന്ന് സംവിധായക ഇന്ദും വി എസും കുറിച്ചു.

ENGLISH SUMMARY:

Kani Kusruti and Divya Prabha dance their way to the screening of 'All We Imagine As Light' at Cannes