Rajkumar-Rao-Karan-Johar-Nepotism

TOPICS COVERED

ബോളിവുഡില്‍ എക്കാലത്തും സജീവമായ ചര്‍ച്ചയാണ് നെപ്പോട്ടിസം. താരപുത്രന്‍ന്മാര്‍ക്കും പുത്രികള്‍ക്കും വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കുകയും കഴിവുള്ള പുറത്തുനിന്നും വരുന്നവര്‍ക്ക് അവസരങ്ങള്‍ കിട്ടാതാവുകയും കിട്ടിയ അവസരം നഷ്​ടപ്പെടുകയും ചെയ്തതിന്‍റെ നിരവധി സംഭവങ്ങള്‍ സിനിമാലോകത്ത് കേട്ടിട്ടുണ്ട്. ബോളിവുഡ് നെപ്പോ കിഡ്​സിന്‍റെ ഗോഡ്​ഫാദര്‍ എന്ന പരിഹാസം പലപ്പോഴും കേള്‍ക്കുന്നയാളാണ് സംവിധായകന്‍ കരണ്‍ ജോഹര്‍.

പുറത്ത് നിന്നും ബോളിവുഡിലെത്തിയവര്‍ നെപ്പോട്ടിസത്തിനെതിരെ നടത്തുന്ന പരാമര്‍ശങ്ങളെ വിമര്‍ശിക്കുന്ന കരണ്‍ ജോഹറിന്‍റെ വാക്കുകളും അതിന് നടന്‍ രാജ്​കുമാര്‍ റാവോ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ചിലര്‍ തലക്കെട്ടിനായി ഉപയോഗിക്കുമെന്നാണ് ഒരു അഭിമുഖത്തില്‍ കരണ്‍ ജോഹര്‍ പറഞ്ഞത്. ഇന്‍ഡസ്ട്രിയിലെത്തി വിജയിച്ച ആളുകള്‍ തന്നെ താന്‍ ഇരയാക്കപ്പെട്ടുവെന്നും താരപുത്രന്മാര്‍ കാരണം അവസരം നഷ്​ടപ്പെട്ടുവെന്നും പറയും. പാര്‍ട്ടികള്‍ക്ക് പോകാത്തതുകൊണ്ട് റോള്‍ കിട്ടിയില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഏത് പാര്‍ട്ടിയിലാണ് സിനിമ കൊടുക്കുന്നതെന്ന് എനിക്ക് അറിയില്ലെന്നും കരണ്‍ പറഞ്ഞു. 

കരണ്‍ അവതാരകനായ ഈ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന രാജ്​കുമാര്‍ ഇതിന് മറുപടിയായി തനിക്ക് തന്നെ അവസരം നഷ്​ടപ്പെട്ട അനുഭവമാണ് പറഞ്ഞത്. മുംബൈയില്‍ എത്തിയതിന് ശേഷം പാര്‍ട്ടികളില്‍ പങ്കെടുക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ബന്ധങ്ങള്‍ പുലര്‍ത്തുന്നത് നല്ലതാണെന്നും രാജ്​കുമാര്‍ പറഞ്ഞു. 

'എനിക്ക് മുമ്പ് ഒരു സിനിമയില്‍ അവസരം ലഭിച്ചതാണ്. എന്നാല്‍ പെട്ടെന്നൊരു രാത്രിയില്‍ ഞാന് ആ സിനിമയില്‍ ഇല്ലാതായി. അറിയപ്പെടുന്ന ഒരു താരപുത്രന് ആ അവസരം ലഭിച്ചു. അത് ശരിയല്ല. എന്നാല്‍ ആ സിനിമ നടന്നില്ല. ആ വ്യക്തി സിനിമക്കുള്ളിലുള്ള ഒരാളാണ്. എന്നാല്‍ സിനിമക്ക് പുറത്ത് നിന്നും വന്ന് വിജയിച്ച ഒരാള്‍ക്കും ഇതേ കാര്യം തന്നെ നിങ്ങളോട് ചെയ്യാം,' രാജ്കുമാര്‍ പറഞ്ഞു.