Mammootty-Raj-b-Shetty

TOPICS COVERED

മലയാളം സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ മാസ് സിനിമകളുടെ സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന ടര്‍ബോയില്‍ വലിയ താരനിര തന്നെയാണ് അഭിനയിക്കുന്നത്. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്​ബി ഷെട്ടി, സുനില്‍ എന്നിവരുടെ സാന്നിധ്യവും സിനിമക്ക് ഹൈപ്പ് ഉയര്‍ത്തിയിരുന്നു. 

ടര്‍ബോയിലേക്ക് എത്തിയതിനെ പറ്റി സംസാരിക്കുകയാണ് രാജ് ബി ഷെട്ടി. ടോബിയുടെ പ്രമോഷനായി കൊച്ചിയിലെത്തിയപ്പോഴാണ് ചിത്രത്തിന്‍റെ കഥ കേട്ടതെന്ന് രാജ് പറഞ്ഞു. ഇത്ര വലിയ ചിത്രത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജ് ബി ഷെട്ടി പറ‍ഞ്ഞു. 

'ടോബിയുടെ പ്രമോഷനായി കൊച്ചിയില്‍ വന്നിരുന്നു. അന്ന് വൈശാഖ് സാര്‍ വിളിച്ച് ഒരു സ്ക്രിപ്റ്റ് നരേഷന്‍ ഉണ്ടെന്ന് പറഞ്ഞു. സ്ക്രിപ്റ്റ് കേട്ടു. കഥാപാത്രം എനിക്ക് വളരെ ഇഷ്​ടപ്പെട്ടു. പക്ഷേ എനിക്ക് ഒരു സംശയമുണ്ട്, ഇത്രയും വലിയ നടീനടന്മാരുണ്ട്, ഞാന്‍ എങ്ങനെ ഇത്ര വലിയ ഒരു റോള്‍ ചെയ്യും? ഇത് ചെയ്യാന്‍ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ഇതുവരെ ചെയ്​തിട്ടില്ല. പക്ഷേ സംവിധായകനേയും തിരക്കഥാകൃത്തിനേയും കഥാപാത്രത്തേയും ഞാന്‍ വിശ്വസിച്ചു. അവര്‍ എനിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി,' രാജ് ബി ഷെട്ടി പറഞ്ഞു. 

മെയ് 23നാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ മുതലായവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. 

ENGLISH SUMMARY:

Raj B Shetty about Turbo movie