mahira-khan

വേദിയിലിരിക്കെ പാകിസ്ഥാൻ നടി മഹിറ ഖാന് നേരെ ഏറ്. കാണികളിലൊരാളാണ് എന്തോ വസ്തു താരത്തിന് നേരെ എറിഞ്ഞത്. പരിപാടിയുടെ വീഡിയോ പങ്കിട്ടുകൊണ്ട് താരം തന്നെ സംഭവത്തോട് പ്രതികരിച്ച് രംഗത്തുവന്നിട്ടുണ്ട്. സംഭവത്തെയും അത് ചെയ്ത വ്യക്തിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. 

എന്നാൽ ഈ പ്രവൃത്തി 10,000 ത്തിൽ ഒരാളുടേതാണെന്നും പ്രേക്ഷകർക്ക് കൂടുതൽ ബോധവാന്മാരാകാനും വിദ്യാസമ്പന്നരാകാനും ഇതുപോലുള്ള കൂടുതൽ പരിപാടികൾ നടത്തണമെന്നും അവര്‍ പറഞ്ഞു. 

'പേപ്പർ പ്ലെയിനിൽ പൊതിഞ്ഞ പൂവാണെങ്കിലും സ്റ്റേജിൽ എറിയുന്നത് ശരിയാണെന്ന് ആരും കരുതേണ്ട. അത് തെറ്റായ കീഴ്‍വഴക്കമാണ് ഇത്. അത് അസ്വീകാര്യമാണ്. എനിക്ക് ഭയം തോന്നുന്ന സമയങ്ങളുണ്ട്, എനിക്ക് മാത്രമല്ല, ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്ന ആര്‍ക്കും ഭയം തോന്നിപ്പോകും' എന്നാണ് താരം പറഞ്ഞത്. 

ഇനി ഒരു പരിപാടിക്കായും ഒരിക്കലും ക്വറ്റ സന്ദർശിക്കരുതെന്ന് തന്‍റെ ഒരു സുഹ‍ൃത്ത് നിര്‍ദേശിച്ചെന്നും എന്നാല്‍ അതൊരു ശരിയായ പരിഹാരമായി തോന്നുന്നില്ലെന്നും താരം പറഞ്ഞു.  

'10,000-മോ അതിലധികമോ ആളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. അവര്‍ അവരുടെ ആവേശവും സന്തോഷവും ഞങ്ങളുമായി പങ്കുവെച്ചു. അവരുടെ ആവേശം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അതെനിക്ക് നേരിട്ട് മനസിലായതാണ്. തെറ്റ് ചെയ്തത് ആരാണെങ്കിലും അത് 10,000 ൽ ഒരാളാണ്. പാകിസ്ഥാനിലെ നഗരങ്ങളില്‍ ഇനിയും ഇത്തരം പരിപാടികള്‍ ആവശ്യമാണ്' എന്നും മഹിറ പറഞ്ഞു. 

'ഞാൻ ഏറ്റവും നല്ല ആളുകളെ കണ്ടുമുട്ടി. മനോഹരമായ ക്വറ്റ ആകാശത്തിനു താഴെ ഞങ്ങൾ ഒരുമിച്ചിരുന്ന് രുചികരമായ ഭക്ഷണം കഴിച്ചു. കഥകൾ പങ്കുവെച്ചും ചിരിച്ചും അടുത്ത ഒത്തുചേരല്‍ പ്ലാൻ ചെയ്തു. സന്തോഷത്തോടെ മടങ്ങിവരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ക്വറ്റ. ഭ്രാന്തമായ സ്നേഹത്തിന് നന്ദി. അടുത്ത തവണയും ഞാന്‍ അവിടെ ഉണ്ടാകും.. ഇൻഷാ അല്ലാഹ്. അതുവരെ.. ഖുദാ ഹാഫിസ് ക്വറ്റ' എന്നെഴുതിയാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

Attack on Pakistani actress Mahira Khan while on stage: