തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ വിജയ്​യുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുന്നത്. റഷ്യയില്‍ നിന്നുമാണ്  താരം ചെന്നൈയില്‍ വോട്ട് ചെയ്യാനെത്തിയത്. താരത്തിന്‍റെ കയ്യിലും തലയ്ക്ക് പിന്നിലും കാണപ്പെട്ട ബാൻഡ് എയ്ഡുകളാണ് സോഷ്യല്‍ ലോകത്തെ ചർച്ചകൾക്ക് തുടക്കമിട്ടത്. ഇളയ ദളപതിക്കിതെന്ത് പറ്റി എന്നാണ് ആരാധകരുടെ ചോദ്യം. 

 

'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' അഥവാ ഗോട്ടിന്‍റെ ചിത്രീകരണത്തിരക്കിനിടയില്‍ നിന്നുമാണ് തമിഴക വെട്രി കഴകം നേതാവുകൂടിയായ വിജയ് അതിരാവിലെ ചെന്നൈയില്‍ എത്തിയത്. നീലാങ്കരയിലുള്ള ബൂത്തിലാണ് താരം വോട്ടുരേഖപ്പെടുത്താനെത്തിയത്.  ബൂത്തില്‍ വിജയ്​യെ കണ്ട ആരാധകര്‍ ആവേശത്തോടെ ചുറ്റുംകൂടി. ആരാധകരില്‍ ആരോ പകര്‍ത്തിയ വിഡിയോയിലാണ് താരത്തിന്‍റെ കയ്യിലെയും തലയ്ക്ക് പിന്നിലെയും പരുക്കുകള്‍ പതിഞ്ഞത്. ബാൻഡ് എയ്ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ ലോകത്ത് ചര്‍ച്ചകളും ചോദ്യങ്ങളും ഉയര്‍ന്നു.

 

താരത്തിന് ഇതെന്തുപറ്റി? ഗോട്ടിന്‍റെ ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയതാണോ? റഷ്യയില്‍ എന്തെങ്കിലും അപകടം സംഭവിച്ചോ എന്നൊക്കെയുളള ചോദ്യങ്ങളാണ് കമന്‍റുകളായെത്തിയത്. പരുക്കിന്‍റെ കാരണം ഇതുവരെ വിജയ് വെളിപ്പെടുത്തിയിട്ടില്ല. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം ആക്ഷന് പ്രധാന്യം നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. 

 

അതേസമയം തമിഴ്നാട്ടില്‍ നിരവധി താരങ്ങള്‍ കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തി. രജനികാന്ത്, കമൽഹാസൻ, അജിത്ത്, സൂര്യ, കാർത്തി, ധനുഷ് തുടങ്ങിയ താരങ്ങളെല്ലാം വോട്ടുചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ വാളുകളില്‍ നിറഞ്ഞുനിന്നു. രജനീകാന്തടക്കം തമിഴ് സിനിമയിലെ മിക്ക പ്രമുഖരും ചെന്നൈയിലാണ് വോട്ടുചെയ്തത്. 

Actor Vijay got injured; fans spot it