amala-paul

 

വളകാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അമല പോള്‍. ഭര്‍ത്താവ് ജഗത് ദേശായിക്കൊപ്പം വളകാപ്പ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മലയാളികള്‍ കണ്ട് ശീലിച്ച ചടങ്ങില്‍ നിന്ന് വ്യത്യസ്തമായാണ് അമലയുടെ വളകാപ്പ്. ഗുജറാത്ത് സ്വദേശിയാണ് ജഗത്. അതിനാല്‍ ഗുജറാത്തി ശൈലിയിലുള്ള ചടങ്ങുകളാണ് നടത്തിയത് എന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗുജറാത്തിലെ സൂറത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നതും. 

 

ഭര്‍ത്താവിനൊപ്പം ഗര്‍ഭകാലം ആസ്വാദ്യകരമാക്കുകയാണ് അമല. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെച്ചത് മുതല്‍ താരം യാത്രകളും ഇഷ്ട ഭക്ഷണങ്ങളുമെല്ലാമായി ആഘോഷത്തിലാണ്. ഇപ്പോള്‍ ഏഴാം മാസത്തിലെ ബേബി ഷവറും താരം ആഘോഷമാക്കി. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമല എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 

 

ബ്ലെസി സംവിധാനം ചെയ്ത പൃത്വിരാജ് ചിത്രം ആട് ജീവിതമാണ് അമലയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്. അമല പോള്‍ നായികയായി എത്തിയ ചിത്രം തീയറ്ററുകളില്‍ വന്‍ വിജയത്തോടെ മുന്നേറുകയാണ്. അമലയുടെ സൈനു എന്ന കഥാപാത്രത്തിനും വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. നിറവയറുമായി ചിത്രത്തിന്‍റെ പ്രെമോഷന്‍ പരിപാടികള്‍ക്കെത്തിയ അമലയുടെ വിഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.