vijay-goat-speech

ദി ഗോട്ട് എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനനഗരിയിലെത്തിയ വിജയ്​യുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങള്‍ നിറയെ. വിജയ്​യെ ഒരു നോക്ക് കാണാന്‍ വി‍ജയ് താമസിക്കുന്ന സ്ഥലങ്ങളിലും ഷൂട്ടിങ് പരിസരത്തും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ ഇന്ന് തന്‍റെ ആരാധകര്‍ക്ക് മുന്നില്‍ താരം നേരിട്ട് പ്രത്യക്ഷപ്പെട്ടു.  ഒരു സര്‍പ്രൈസുമായിട്ടായിരുന്നു താരത്തിന്‍റെ വരവ്. തന്‍റെ മുന്നില്‍ നില്‍ക്കുന്ന വലിയ ആരാധക വൃന്ദത്തെ നോക്കി മലയാളത്തില്‍ വിജയ് സംസാരിച്ചു തുടങ്ങി. 'ചേച്ചീ ചേട്ടന്മാര്‍..എന്‍റെ അമ്മ അപ്പന്മാര്..'....ആരാധകരുടെ ആരവങ്ങളും നിറകയ്യടികൊണ്ടും കൊണ്ട് തലസ്ഥാന നഗരി ഇളകി മറിഞ്ഞു. 

 

മലയാളത്തിലുളള വി‍ജയ്​യുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പതിവ് പോലെ ബസിന് മുകളിൽ കയറി നിന്നായിരുന്നു വിജയുടെ ചെറുപ്രസംഗം. “എൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നട്രികൾ. തമിഴ്നാട്ടിലെ എന്നുടെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങൾ നൽകുന്ന സ്നേഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് വി‍ജയ് തന്‍റെ ചെറു പ്രസംഗം അവസാനിപ്പിച്ചത്. 

 

തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിലെത്തിയ താരത്തെ കാത്ത് വലിയൊരു കൂട്ടം ആരാധകര്‍ പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. വന്‍ ജനത്തിരക്കാണ് വിമാനത്താവളത്തില്‍ അനുഭവപ്പെട്ടത്. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും ഏറെ പണിപ്പെട്ടാണ് താരത്തിന്‍റെ വാഹനം കടത്തിവിട്ടത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വി‍ജയ് ഇപ്പോള്‍. 

Thalapathy Vijay speaks in Malayalam; Viral