manjummel-boys

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രം ഇരുന്നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നു. സൗഹൃദത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്​സാണ് ആ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്നാട് അടക്കമുളള മറ്റ് സംസ്ഥാനങ്ങളിലും മികച്ച കയ്യടിയാണ് ചിത്രം നേടിയത്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. 

 

‍ജാനേമന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പുറപ്പെടുന്നതും അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ചെകുത്താന്‍റെ അടുക്കള, ‍‍ഡെവിള്‍സ് കിച്ചണ്‍, ഗുണ കേവ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൊടൈക്കനാലിലെ നിഗൂഢതകള്‍ നിറഞ്ഞ ഗുഹയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത ചിത്രം ഒരോ നിമിഷവും പ്രേക്ഷകന്‍റെ നെഞ്ചിടിപ്പ് കൂട്ടി. ചിത്രം കണ്ടിറങ്ങിയ ഒരോ പ്രേക്ഷകനും സിനിമയെയും അഭിനേതാക്കളെയുമെല്ലാം വാനോളം പുകഴ്ത്തിയാണ് തിയറ്റര്‍ വിട്ടത്. 

 

റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിന കലക്ഷനും ഞെട്ടിക്കുന്നതായിരുന്നു. സമാന്തരമായി പ്രേമലുവും ഭ്രമയുഗവും തിയറ്ററില്‍ ജൈത്രയാത്ര തുടരുമ്പോഴായിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന്‍റെ വരവ്. മറ്റ് രണ്ട് ചിത്രങ്ങളുടെ വിജയക്കുതിപ്പില്‍ മഞ്ഞുമ്മലിന് പിടിച്ച് നില്‍ക്കാനാകുമോ എന്ന സംശയത്തെ അപ്പാടെ കാറ്റില്‍ പറത്തി ചിത്രത്തിയിരുന്നു ചിത്രത്തിന്‍റെ കുതിപ്പ്. സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സ് 50 കോടിയില്‍ അധികം തമിഴ്‍നാട്ടില്‍ നിന്നുംതന്നെ നേടിയിരുന്നു. കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‍സ് നേടിയിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്‌ഷൻ ഇരട്ടിയായേക്കും.

 

‘2018’ന്റെ 175 കോടിയെന്ന ആഗോള ബോക്സ് ഓഫീസ് റെക്കോര്‍ഡിനെ മറികടന്നാണ് മ‍ഞ്ഞുമ്മല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തം. മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടമാണ് മ‍ഞ്ഞുമ്മല്‍ ബോയ്സ് നേടിക്കൊടുത്തത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, ഖാലിദ് റഹ്‌മാൻ,  അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

Manjummel Boys creates history; won 200 crores