നടനായും സംവിധായകനായും കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ്. മലയാളത്തിനപ്പുറം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരം. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ആടുജീവിതത്തിന്‍റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് താരം. എന്നാലിപ്പോഴിതാ നടന്‍ സൂര്യയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുന്നത്. നടന്‍ സൂര്യയെ നായകനാക്കി ഒരു റൊമാന്‍റിക് ചിത്രം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നായിരുന്നു താരം വ്യക്തമാക്കിയത്.
ആടുജീവിതത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യയുമൊന്നിച്ചൊരു ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് വാചാലനായത്. ഒരു സംവിധായകനെന്ന നിലയില്‍ തമിഴിലെ പ്രമുഖ നടന്മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയെടുക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് ജോണറില്‍പ്പെട്ട ചിത്രങ്ങളാകും എടുക്കുക എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്. രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ അദ്ദേഹത്തെ നായകനാക്കാൻ താല്‍പര്യമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
കമല്‍ സാറാണ് നായകനെങ്കില്‍ അതൊരു ഡ്രാമാ ചിത്രമായിരിക്കുമെന്നും പൃഥ്വി വ്യക്തമാക്കി. ഇനി വിജയ് ആണ് നായകനെങ്കിലോ എന്ന അവതാരകയുടെ ചോദ്യത്തിന് ഡാർക്ക് റിയൽ ആക്ഷൻ ത്രില്ലർ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അദ്ദേഹം ആക്ഷൻ സിനിമകൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ആ ലൈനിലൊന്നും പെടാത്ത സിനിമയായിരിക്കും അതെന്നും പൃഥ്വിരാജ് പറഞ്ഞു. ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഒരു റൊമാന്‍റിക് ചിത്രമാണെങ്കില്‍ അതിനൊരു അതിഗംഭീര നടന്‍ വേണം. അത്തരത്തിലൊരാളാണ് സൂര്യ. തീര്‍ച്ചയായും സൂര്യ തന്നെയായിരിക്കും നായകന്‍ എന്നും പൃഥ്വിരാജ് പറഞ്ഞു.
തമിഴ് സിനിമയെക്കുറിച്ചും തന്‍റെ ഇഷ്ടചിത്രങ്ങളെക്കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു. തന്‍റെ ഇഷ്ടചിത്രങ്ങളിലൊന്നാണ് മണിരത്നം സംവിധാനം ചെയ്ത നായകനും ദളപതിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ലോകേഷ് കനകരാജിനെക്കുറിച്ചുളള ചോദ്യത്തിന് അദ്ദേഹം വളരെ നല്ല സംവിധായകനാണെന്നും സമീപഭാവിയില്‍ ഒന്നിച്ചൊരു പടം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മലയാളത്തിന് പുറമെ നാല് ഭാഷകളില്‍ ഇറങ്ങുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും.
Actor Prithviraj Sukumaran talks about Tamil Actors and Tollywood