ബോളിവുഡിനെ പിടിച്ചുകുലുക്കിയ ഒരു ചെറിയ ചിത്രമായിരുന്നു ട്വല്‍ത്ത് ഫെയില്‍. ഇപ്പോഴിതാ ചിത്രത്തിലെ യഥാര്‍ത്ഥ നായകനായ മനോജ് കുമാർ ശർമ്മ ഔദ്യോഗിക ജീവിതത്തില്‍ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര പൊലീസിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിൽ (ഡിഐജി) നിന്ന് ഇൻസ്‌പെക്ടർ ജനറൽ (ഐജി) പദവിയിലേക്ക് സ്ഥാനക്കയറ്റം നേടിയിരിക്കുകയാണ് മനോജ് കുമാർ ശർമ്മ.
2003, 2004, 2005 ബാച്ചുകളിലെ ഐപിഎസ് ഉദ്യോഗസ്ഥർക്കുള്ള സ്ഥാനക്കയറ്റത്തിന് ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി (എസിസി) അംഗീകാരം നൽകിയതിനെ തുടർന്നാണ് ശർമയുടെ സ്ഥാനക്കയറ്റം. ശര്‍മ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്‍റെ ഔദ്യോഗിക ജീവിതത്തിലുടനീളം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് ശര്‍മയുടെ പോസ്റ്റ്.
"എഎസ്പിയിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് ഐജിയില്‍ എത്തിയിരിക്കുന്നു. ഈ നീണ്ട യാത്രയിൽ എന്നെ പിന്തുണച്ചതിന് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി" എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. നിങ്ങൾ യുവതലമുറയ്ക്ക് ഒരു യഥാർത്ഥ പ്രചോദനമാണെന്നും നിങ്ങളെപ്പോലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഈ രാജ്യത്തിന് ആവശ്യമുണ്ടെന്നും ഉള്‍പ്പടെ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വരുന്നത്.
ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരിവരിയായി പരാജയം രുചിച്ചപ്പോഴാണ് കൊട്ടിഘോഷിക്കപ്പെടാതെ വന്ന ചിത്രം മൗത്ത് പബ്ലിസിറ്റികൊണ്ട് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. വിധു വിനോദ് ചോപ്ര രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ട്വല്‍ത്ത് ഫെയില്‍ അങ്ങനെ ബോളിവുഡിലെ സൈലന്‍റ് ഹിറ്റായി മാറുകയായിരുന്നു. വിക്രാന്ത് മാസിയും മേധാ ശങ്കറുമായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
2019ല്‍ അനുരാഗ് പഥക് എഴുതിയ നോവലാണ് സിനിമക്ക് ആസ്പദം. പന്ത്രണ്ടാം ക്ലാസില്‍ തോറ്റിട്ടും തളരാതെ സ്വന്തം അധ്വാനത്തിലൂടെ പഠിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ശര്‍മയുടെ ജീവിതകഥയാണ് നോവലിന് അടിസ്ഥാനം.
കോപ്പിയടിച്ച് പരീക്ഷ പത്താം തരവും പതിനൊന്നാം തരവും പാസായ ഒരു വിദ്യാര്‍ഥി പന്ത്രണ്ടാം തരത്തില്‍ കോപ്പിയടിക്കാന്‍ കഴിയാതെ തോറ്റുപോകുന്നതും പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഐ.പി.എസ് നേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനിടയിലെ അയാളുടെ പരാജയങ്ങളും ജീവിതത്തിലെ പ്രതിസന്ധികളും പ്രണയവുമെല്ലാം സിനിമ പറയുന്നുണ്ട്.
IPS Officer Manoj Sharma, Inspiration Behind '12th Fail', Gets Promotion