മിഥുന്‍ മാനുവനല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് ജയസൂര്യ പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ആട്. ഷാജി പാപ്പനും പിള്ളേരും തിയറ്ററുകളിലും സ്വീകരണ മുറികളിലും വലിയ സ്വീകാര്യതയാണ് കിട്ടിയത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകരില്‍ കൗതുകം നിറച്ച് ചിത്രത്തിന്‍റെ സംവിധാകന്‍ മിഥുന്‍ മാനുവല്‍ തോമസും നിര്‍മാതാവ് വിജയ് ബാബുവും ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇന്ന് ഏഴ് മണിക്ക് ഒരു വാഗ്ദാനം നല്‍കുമെന്നാണ് മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏഴ് മണിക്ക് നിങ്ങള്‍ കാത്തിരുന്ന പ്രഖ്യാപനം എന്നാണ് വിജയ് ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
മിഥുന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ ആരാധകര്‍ സിനിമകളുടെ ഒരു ലിസ്റ്റ് തന്നെ കമന്‍റ് ചെയ്തിട്ടുണ്ട്. ആറാം പാതിരയും ആട് 3യുമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ വിജയ് ബാബുവിന്‍റെ പോസ്റ്റ് കൂടി വന്നതോടെ ഷാജി പാപ്പന്‍റെ മൂന്നാം വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കോട്ടയം കുഞ്ഞച്ചനായും ചിലര്‍ കമന്‍റ് ബോക്സില്‍ വാദം നടത്തുന്നുണ്ട്. ലാലേട്ടന്‍ മിഥുന്‍ മാനുവല്‍ തോമസ് കോംബോയ്ക്ക് ചാന്‍സുണ്ടോ എന്നും കമന്‍റ് ബോക്സില്‍ ചോദ്യങ്ങളുയരുന്നുണ്ട്.
ആട് 3 എത്തുമെന്ന് മിഥുന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം ത്രീഡിയില്‍ ആയിരിക്കും എത്തുക എന്നാണ് മിഥുന്‍ മുന്‍പ് പറഞ്ഞിരുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രക്ഷകരും. ട്രോളുകളിലും മീമുകളിലും നിറസാന്നിധ്യമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.