പ്രേക്ഷകരുടെ കാത്തിരിപ്പിനും ചോദ്യങ്ങള്‍ക്കും വിരാമമിട്ട് ആട് 3 പ്രഖ്യാപിച്ച് നടന്‍ ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും നിര്‍മാതാവ് വിജയ് ബാബുവും .
പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് "ആടുകാലം" എന്ന തലക്കെട്ടോടെയാണ് ജയസൂര്യ ഇക്കാര്യം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാറ് എന്ന തലക്കെട്ടോടെയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവരം പങ്കുവെച്ചത്.
ആശയവും കഥയും ലോക്ക് ചെയ്ത് കഴിഞ്ഞു. അവർ തിരിച്ചു വരുന്നു. ഷാജി പാപ്പന്‍, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യര്‍, ഷർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാനും നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട കഥാപാത്രങ്ങളും ഉടൻ എന്ന തലക്കെട്ടോടുകൂടിയാണ് വിജയ് ബാബു ചിത്രം എത്തുന്ന വിവരം പങ്കുവച്ചിരിക്കുന്നത്.
ജയസൂര്യയും വിജയ് ബാബുവും മിഥുനും കറുത്ത വസ്ത്രം ധരിച്ച് ആട്ടിന്‍കുട്ടികളെ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.
മിഥുന്‍ മാനുവനല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് ജയസൂര്യ പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ആട്. ഷാജി പാപ്പനും പിള്ളേരും തിയറ്ററുകളിലും സ്വീകരണ മുറികളിലും വലിയ സ്വീകാര്യതയാണ് കിട്ടിയത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
ആട് 3 എത്തുമെന്ന് മിഥുന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രം ത്രീഡിയില്‍ ആയിരിക്കും എത്തുക എന്നാണ് മിഥുന്‍ മുന്‍പ് പറഞ്ഞിരുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രക്ഷകരും. ട്രോളുകളിലും മീമുകളിലും നിറസാന്നിധ്യമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.