Thankamani

38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു പോലീസ് നരനായാട്ട്. കേരള ചരിത്രത്തിൽ ഏറെ ചർച്ചയായി മാറിയ ഒരു ബസ് തടയലും അതിന് ശേഷമുണ്ടായ പോലീസിന്‍റെ അതിക്രൂരമായ അക്രമങ്ങളും. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേർത്ത് ഒരുക്കിയ ചിത്രമായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് ദിലീപ് നായക വേഷത്തിലെത്തുന്ന 'തങ്കമണി'. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്‍റെ ചുവടുപിടിച്ചെത്തുന്ന ചിത്രം ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 'ഉടൽ' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം. 

എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ പോലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുകിയ നടുക്കുന്ന സംഭവത്തെ ചലച്ചിത്രമാക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികളേവരും ഉറ്റുനോക്കുന്നത്.  'പെണ്ണിന്‍റെ പേരല്ല തങ്കമണി, വെന്ത നാടിന്‍റെ പേരല്ലോ തങ്കമണി...' എന്ന ശീർഷക ഗാനവുമായെത്തുന്ന സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ പുറത്തിറങ്ങിയതോടെ ഇതിനകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. സോഷ്യൽമീഡിയയിലുള്‍പ്പെടെ സിനിമാഗ്രൂപ്പുകളിലടക്കം 'തങ്കമണി'യെ കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു യഥാർത്ഥ സംഭവം തന്നെയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തിൽ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമങ്ങളിലേക്ക് വഴിവെച്ചത്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ അതിക്രൂരമായ പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ ഈ സംഭവമാണ് സിനിമ സംസാരിക്കുന്നത്. 

ഇടുക്കി തങ്കമണിയിൽ നടന്ന യഥാർത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി വേറിട്ട മേക്കോവറിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദിലീപ് എത്തിയത്. അതിന് പിന്നാലെ  അതിൽ നിന്ന് വിഭിന്നമായി യുവാവായുള്ള ലുക്കിൽ സെക്കൻഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസറിനും ട്രെയിലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 

ഒട്ടേറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഉടലി'ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കമണി' എന്നതിനാൽ തന്നെ ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും എന്നാണ് വിലയിരുത്തലുകള്‍. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്‍റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും,  തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 

Thankamani in theatrs today