പ്രതിസന്ധികളോട് പൊരുതുന്ന പെൺ ജീവിതങ്ങൾക്ക് പ്രചോദനമായി ഗായിക ശ്വേതാ മോഹന്‍റെയും സുഹൃത്ത് മൈത്രി ശ്രീകാന്തിന്‍റെയും  മ്യൂസിക്കൽ ആൽബം. വനിതാ ദിനത്തോടനുബന്ധിച്ചാണ് നാലു ഭാഷകളിൽ 'സ്ത്രീ'യെന്ന ആൽബം പുറത്തിറക്കിയത്. അർബുദത്തിനെതിരായ സന്ദേശവും  പാട്ടിലുണ്ട്.  

 

പ്രതീക്ഷ കൈവിടാതെ, പ്രതിസന്ധികളോട് പൊരുതുന്ന സ്ത്രീകൾക്കുള്ള  ശ്വേതയുടെയും മൈത്രിയുടെയും ഒരു ബിഗ് സല്യൂട്ട്. അതാണ് സ്ത്രീ എന്ന ആൽബം. ഓരോ വരിയിലും ഉണ്ട്, പ്രചോദനം. ഓരോ ഫ്രെയിമിലും ഉണ്ട്, പെൺവിജയങ്ങൾ. ശ്വേതയുടെയും രാഗ സൊസൈറ്റി സ്ഥാപക മൈത്രി ശ്രീകാന്തിന്‍റെയും 20 വർഷം പിന്നിടുന്ന സൗഹൃദത്തിന്‍റെ അടയാളപ്പെടുത്തൽ കൂടിയാണ് ആൽബം. വനിതാദിനത്തിൽ  വനിതകൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് ഈ പാട്ടെന്ന്, ഇരുവരും. 

 

അർബുദത്തിനെതിരായ ബോധവൽക്കരണവും ആൽബത്തിന്‍റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്നാണ്. നടി മഞ്ജു വാര്യർ ആണ്  ആൽബം പുറത്തിറക്കിയത്. മലയാളത്തിനു പുറമേ  തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഗാനം ആസ്വദിക്കാം. മൈത്രിയുടെ കോറസ് വരികൾക്കൊപ്പം മലയാളത്തിൽ അനു എലിസബത്തും തമിഴിൽ കൃതിക നെൽസണും ഹിന്ദിയിൽ മനോജ് യാദവും  തെലുങ്കിൽ വനമാലിയുമാണ് ഗാനരചന. മുംബൈ ചേരിയിലെ യഥാർത്ഥ കാഴ്ചകളും അനുഭവങ്ങളും പാട്ടിൽ കാണാം. സ്ത്രീകൾക്കു വേണ്ടി  പിങ്ക് ലിപ്സ്റ്റിക് എന്ന പേരിൽ ഒരു കൂട്ടായ്മയ്ക്കും  ശ്വേതയും മൈത്രിയും തുടക്കമിടുന്നുണ്ട്.