johncena-27

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ ട്വീറ്റിന് നന്ദി പറഞ്ഞ് റെസ്ലിങ്ങ് താരം ജോണ്‍ സീന. സീനയെ പ്രശംസിച്ചുകൊണ്ടുള്ള ഷാരൂഖിന്‍റെ ട്വീറ്റിന് മറുപടിയുമായാണ് റെസ്ലിങ്ങ് സൂപ്പര്‍താരവും ഹോളിവുഡ് നടനുമായ സീന രംഗത്തെത്തിയത്.

 

ജിമ്മില്‍ ട്രെയിനിങ്ങിനിടെ ജോൺ സീന ഷാരൂഖ് ഖാന്‍റെ ദിൽ തോ പാഗൽ ഹേ (1997) എന്ന ചിത്രത്തിലെ ഭോലി സി സൂറത്ത് എന്ന ഗാനം ആലപിച്ചിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വിഡിയോ വൈറലാകുകയും ഷാരൂഖ് ഖാന്‍റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ സീനയുടെ പാട്ട് ഇഷ്ടപ്പെട്ടുവെന്ന് താരം പ്രതികരിച്ചു. തന്‍റെ ഏറ്റവും പുതിയ ഗാനങ്ങൾ അയച്ചുതരാമെന്നും ജോണ്‍ സീനയെ മെന്‍ഷന്‍ ചെയ്ത് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

ഷാരൂഖിന്‍റെ ഈ ട്വീറ്റിനാണ് റെസ്ലിങ്ങ് സൂപ്പര്‍താരം നന്ദി പറഞ്ഞിരിക്കുന്നത്. താങ്കള്‍ ചെയ്തതിനെല്ലാം നന്ദി എന്നാണ് ജോണ്‍ സീനയുടെ മറുപടി. വര്‍ഷങ്ങളായി സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും. 2017-ൽ, ഷാരൂഖിനെക്കുറിച്ചുള്ള ഒരു ലേഖനം ജോൺ സീന പങ്കുവെച്ചിരുന്നു. അന്നും ഷാരൂഖ് മറുപടി നല്‍കുകയും ഇരുവരുടെയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

John Cena responds to Shah Rukh Khan's appreciation post