dijo-jose

പുതുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ നാലു ഹിറ്റുകളുമായി മലയാള സിനിമ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ നാലു ചിത്രങ്ങളും മികച്ച കയ്യടി നേടി റെക്കോര്‍ഡ് കലക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ ഗംഭീര തിരിച്ചുവരവിന് അഭിനന്ദനം അറിയിച്ചുളള പോസ്റ്റുകളാണ് എങ്ങും. സമാപകാലത്തൊന്നും ഇങ്ങനെയൊരു അനുഭവം ഇല്ല എന്നാണ് നിരീക്ഷണം.  

 

പ്രതീക്ഷകൾക്ക് ചിറക് മുളയ്ക്കുന്ന കാലം എന്ന ആമുഖത്തോടെ ഇതുസംബന്ധിച്ച് സംവിധായകന്‍ ഡിജോ ജോസിന്റെ കുറിപ്പ് ഇങ്ങനെ:  '2024 മലയാള സിനിമയ്ക്ക് ഉണർവേകുന്നു..ഈ വർഷം റിലീസായ ചില സിനിമകൾ കണ്ടു... എല്ലാം ഒന്നിനൊന്നു മെച്ചം.. പലതരം ജോണറിലുള്ള വളരെ വ്യത്യസ്തമായ ചിത്രങ്ങൾ. എന്തുകൊണ്ടും സമകാലീക വാർത്തകളിൽ സിനിമ ഒരുപടി മുന്നിട്ട് നിൽക്കുന്ന കാഴ്ച. എന്തുകൊണ്ടും പ്രതീക്ഷകൾക്ക് ചിറക് മുളയ്ക്കുന്ന കാലം' എന്നാണ് ഡിജോ എക്സില്‍ കുറിച്ചത്. ഒപ്പം 'ഭ്രമയുഗം ബോയ്സ്' എന്നെഴുതിയ പ്രത്യേക പോസ്റ്ററും ഡിജോ കുറിപ്പിനൊപ്പം പങ്കുവച്ചു. 

 

മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങളെ കോര്‍ത്തിണക്കിയാണ് ഭ്രമയുഗം ബോയ്സ് എന്ന പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരേ സമയത്ത് മൂന്ന് ചിത്രങ്ങളും വിജയകരമായി മുന്നേറുന്നതാണ് പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ടൊവിനോ ചിത്രത്തിന് മറ്റ് മൂന്ന് ചിത്രങ്ങളും മങ്ങലേല്‍പ്പിക്കുമോ എന്നൊരു സംശയം നിലനിന്നിരുന്നെങ്കിലും മികച്ച പ്രേക്ഷകപ്രതികരണവുമായി ചിത്രം ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ 40 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. വ്യത്യസ്ത ജോണറില്‍ പുറത്തിറങ്ങി നാലു ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച അപൂര്‍വ്വ കാഴ്ച്ചക്കാണ് മലയാള സിനിമ ഈ വര്‍ഷം സാക്ഷിയായത്. മലയാള സിനിമയുടെ ഈ നേട്ടം ഗംഭീര തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നും ഇത് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നതെന്നും ഡിജോ തന്‍റെ കുറിപ്പിലൂടെ സൂചിപ്പിക്കുന്നു.

 

ക്വീന്‍, ജന ഗണ മന എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന 'മലയാളി ഫ്രം ഇന്ത്യ'യാണ് ഡിജോയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അതേസമയം ടെവിനോ തോമസിനെ നായകനാക്കി 'പള്ളിച്ചട്ടമ്പി' എന്ന ചിത്രവും ഡിജോ പ്രഖ്യാപിച്ചിട്ടുണ്ട്.

Director Dijo Jose Antony's social media post on malayalam movies released on 2024