മലയാളികളുടെ പ്രിയതാരമാണ് അദിതി രവി. ഇപ്പോഴിതാ, ഫോക്സ്‌വാഗൻ വെര്‍ട്യൂസ് സ്വന്തമാക്കിയിരിക്കുകയാണ് താരം. കൊച്ചിയിലെ ഫോക്സ്‌വാഗൻ ഷോറൂമിൽ നിന്നാണ് അതിഥി വാഹനം വാങ്ങിയത്.  ജിടി പ്ലസ് ഓട്ടമാറ്റിക് മോഡലായ വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില 19.14 ലക്ഷം രൂപയാണ്. ലവ ബ്ലു കളറിലുള്ള മോഡലാണ് അദിതി വാങ്ങിയത്. 

ചെറു സെഡാന്‍ വെന്റൊയുടെ പകരക്കാരനായെത്തുന്ന വെര്‍ട്യൂസ് സ്‌കോഡ സ്ളാവിയയുടെ ഫോക്സ്‌വാഗൻ മോ‍ഡലാണ്. എക്യൂബി എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന കാറിന് വെന്റോയെക്കാള്‍ വലുപ്പം കൂടുതലാണ്. സ്ലാവിയയുടെ ഫോക്സ്‌വാഗൻ മോഡലാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്.

1.5 ലീറ്റര്‍ ടിഎസ്ഐ, 1 ലീറ്റര്‍ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഈ വാഹനത്തിനുള്ളത്. മൂന്നു സിലിണ്ടര്‍ 1 ലീറ്റര്‍ മോഡലിന് 110 പിഎസ് കരുത്തുണ്ട്. 1.5 ലീറ്ററിന് 150 പിഎസാണ് കരുത്ത്. 1 ലീറ്ററിന് ആറു സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയുമുണ്ട്. 7 സ്പീഡ് ഡി എസ് ജിയാണ് 1.5 ലീറ്ററിനുള്ളത്. 11.55 ലക്ഷം രൂപ മുതല്‍ 19.14 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില.

ക്രോമിയം സ്ട്രിപ്പ് ബോര്‍ഡര്‍ ഒരുക്കുന്ന വീതി കുറഞ്ഞ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, പെര്‍ഫോമെന്‍സ് പതിപ്പിന്റെ ഗ്രില്ലിലെ ജി.ടി. ബാഡ്ജിങ്ങ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, വലിയ എയര്‍ഡാം, എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈനുകളുള്ള റിയര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നതില്‍ പ്രധാനം. 

4561 എം.എം. നീളം, 1752 എം.എം. വീതി, 1507 എം.എം. ഉയരം, 2651 എം.എം. ആണ് വീല്‍ബേസ്, 179 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകള്‍. ഇരട്ട നിറങ്ങളിലാണ് വെര്‍ട്യൂസിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. പെര്‍ഫോമെന്‍സ് പതിപ്പില്‍ ചെറി റെഡ് പെയിന്റ് സ്‌കീമും നല്‍കിയിട്ടുണ്ട്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെയും ആകര്‍ഷകമാക്കുന്നു.