aparrna-gopinath

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അപര്‍ണ ഗോപിനാഥ്. കുറച്ചു നാളുകളായി താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പ്രേക്ഷകരിൽ ചില ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച അടിക്കുറിപ്പുകളാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായത്. 

'തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചുവന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യത്തെ പോസ്റ്റ്. ‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’ എന്നായിരുന്നു അടുത്ത പോസ്റ്റിനു നല്‍കിയിരിക്കുന്ന കുറിപ്പ്. ഇത്തരം അടിക്കുറിപ്പുകള്‍ കണ്ടപ്പോള്‍, താരം ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അസുഖത്തിൽ നിന്നോ തിരിച്ചുവന്നതായിരിക്കാമെന്നാണ് പ്രേക്ഷകര്‍ മനസ്സിലാക്കിയത്.

കമന്‍റിലൂടെ ആരാധകര്‍ കാര്യം തിരക്കിയെങ്കിലും നടി ഒരു മറുപടിയും നൽകിയില്ല. ഇപ്പോഴിതാ, ആരാധകര്‍ക്കെല്ലാം മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്. താന്‍ സുഖമായി ഇരിക്കുന്നുവെന്നും എല്ലാം നല്ലതുപോലെ നടക്കുന്നു, ഓക്കേയാണെന്നുമാണ് നടി പുതിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 

അപര്‍ണ ഗോപിനാഥിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

'ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്'.

ചില യുദ്ധങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നു, ചിലത് അങ്ങനെയല്ല എന്ന ഹാഷ് ടാഗിനൊപ്പമാണ് അപർണ ഗോപിനാഥ്‌ പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കണ്ടംപററി ഡാന്‍സറു കൂടിയായ അപർണ ഇതുവരെ പതിമൂന്നോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. എബിസിഡിക്കുശേഷം ബൈസിക്കിൾ തീവ്സ്, മുന്നറിയിപ്പ്, ചാർളി, സ്കൂൾ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ് എന്നിവയാണ് അപർണയുടെ പുറത്തിറങ്ങിയ സിനിമകളിൽ പ്രധാനം. കുറച്ചു നാളായി സിനിമയിൽ സജീവമല്ല.

Aparna Gopinath's post goes viral on social media