മലയാളി പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആടു ജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ തീയറ്ററുകളില്‍ എത്തും. കാത്തിരിപ്പിന് നീളം കുറയുകയാണെന്നും മാർച്ച് 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. 

 

ചിത്രം ഏപ്രില്‍ 10 ന് എത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് 13 ദിവസം മുന്‍പ് ആക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എ ആര്‍ റഹ്‍മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നോവലുകളില്‍ ഒന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.  

 

2008ൽ പ്രാരംഭ ജോലികള്‍ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. കോവിഡ് കാലത്തെ ചിത്രീകരണവും അതിനായി നേരിടേണ്ടി വന്ന പ്രതിസന്ധികളുമെല്ലാം ഉള്‍പ്പെടുത്തി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വിഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. 

 

aadujeevitham releasing worldwide on 28th March, 2024