77–ാമത് ബാഫ്റ്റ പുരസ്കാരദാന ചടങ്ങില്‍ വില്യം രാജകുമാരന്‍ ഇക്കുറി തനിച്ച് പങ്കെടുക്കും. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായതിനാലാണ് പത്നി കേറ്റ് മിഡില്‍ടണ്‍ പങ്കെടുക്കാത്തത്. തെംസ് നദീ തീരത്തുള്ള റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ വച്ച് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അദ്ദേഹം പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. 2010 മുതല്‍ വില്യം രാജകുമാരനാണ് ബാഫ്റ്റ പ്രസിഡന്‍റ്. 

 

ജനപ്രിയ ബ്രിട്ടീഷ് താരം ഡേവിഡ് ടെന്നറ്റാകും ഇക്കുറി ബാഫ്റ്റയ്ക്ക് ആതിഥ്യമരുളുക. പതിവുപോലെ പുരസ്കാരങ്ങള്‍ തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ക്രിസ്റ്റഫര്‍ നോളന്‍റെ ഓപന്‍ഹൈമര്‍ മല്‍സരരംഗത്തുണ്ട്. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. യോര്‍ഗസിന്‍റെ 'പുവര്‍ ലിറ്റില്‍ തിങ്സാ'ണ് 11 നോമിനേഷനുകളുമായി തൊട്ടുപിന്നാലെയുള്ളത്. 

 

മികച്ച നടനാകാന്‍ സാധ്യത കിലിയന്‍ മര്‍ഫിക്കും പോള്‍ ഗിമാട്ടിക്കും തന്നെയാണ്. ബ്രിട്ടീഷ് കലയെയും കലാകാരന്‍മാരെയും പ്രോല്‍സാഹിപ്പിക്കുക പ്രഖ്യാപിത ലക്ഷ്യമാക്കിയ ബാഫ്റ്റ ബ്രിട്ടീഷ് വംശജനായ കിലിയനെ തന്നെ തിരഞ്ഞെടുത്താല്‍ അതിശയിക്കേണ്ടതില്ല. 'അനാട്ടമി ഓഫ്  എ ഫാളി'ലെ അവിസ്മരണീയ പ്രകടനത്തിന് ജര്‍മന്‍ അഭിനേത്രി സാറ ഹ്യൂളറും 'പുവര്‍ തിങ്സി'ലെ പ്രകടനത്തിന് എമ്മ സ്റ്റോണും 'കില്ലേഴ്സ് ഓഫ് ദ് ഫ്ലവര്‍ മൂണി'ലെ പ്രകടനത്തിന് ലിലി ഗ്ലാഡ്സ്റ്റണുമാണ് മികച്ചനടിക്കുള്ള മല്‍സരത്തിലുള്ളത്. ആദ്യഘട്ടത്തില്‍ ലിലിയും എമ്മയും മാത്രമാണ് നോമിനേഷനിലുണ്ടായിരുന്നതെങ്കിലും പൊടുന്നനവേ സാന്ദ്രയ്ക്ക് പിന്തുണയേറുകയായിരുന്നു.  ബാഫ്റ്റയിലെ നേട്ടം ഓസ്കറില്‍ ആവര്‍ത്തിക്കപ്പെടുമെന്നുള്ളതിനാല്‍ പുരസ്കാര പ്രഖ്യാപനത്തെ ആവേശത്തോടെ കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികള്‍.

 

എലിസബത്ത് രാജ്ഞിക്ക് പ്രത്യേക ആദരമര്‍പ്പിച്ചായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബാഫ്റ്റ ചടങ്ങുകള്‍. ഈ വര്‍ഷവും രാജകുടുംബത്തിന് അത്ര സന്തോഷത്തിന്‍റെ സമയമല്ല. ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ച വിവരവും ചികില്‍സയുടെ വാര്‍ത്തയും ബക്കിങ്ഹാം പാലസ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. അധികാരമേറ്റ് ഒന്നര വര്‍ഷത്തിനുള്ളിലാണ് ചാള്‍സ് രാജാവിന് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. പിന്നാലെയാണ് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കേറ്റ് ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 

 

Prince William to attend BAFTA awards 2024 without Kate